കണ്ണൂർ: കുത്തുപറമ്പിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ച കവീട്ടുകാർക്കെതിരേ കേസെടുത്തു. കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരിയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹമാണ് വീട്ടുകാർ ആരോഗ്യപ്രവർത്തകരെയോ പൊലീസിനെയോ പഞ്ചായത്ത് അധികൃതരയോ അറിയിക്കാതെ സംസ്‌കരിച്ചത്.

വാർധക്യസഹജമായ അസുഖത്താൽ കഴിഞ്ഞ തിങ്കളാഴ്ച തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമായപ്പോൾ നടത്തിയ പരിശോധനയിലാണ് വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ രോഗിയെ അഡ്‌മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കൂടെയുള്ളവർ വിസമ്മതിച്ചു. ആരോഗ്യപ്രവർത്തകരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കാതെ രോഗിയുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർ ചൊവ്വാഴ്ച മരിച്ചു.

മരണശേഷവും കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ ചടങ്ങുകൾ നടത്തി സംസ്‌കരിക്കുകയും ചെയ്തു. ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമാണ് ജില്ലാ സെന്റർ വഴി ആരോഗ്യവകുപ്പിന് കോവിഡ് ബാധിതയുടെ വിവരങ്ങൾ ലഭിക്കുന്നത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തുന്നതിനു മുൻപ് സംസ്‌കാര ചടങ്ങുൾപ്പെടെ കഴിഞ്ഞിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകരും പഞ്ചായത്തധികൃതരും വയോധിക കോവിഡ് ബാധിച്ച മരിച്ചതാണെന്ന വിവരം കൂത്തുപറമ്പ് പൊലീസിൽ അറിയിക്കുകയായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ച വിവരം മറച്ചുവെച്ച് ശവസംസ്‌കാരം നടത്തിയതിന് വീട്ടുക്കാർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടങ്ങിൽ പങ്കെടുത്തവരെ അധികൃതർ ഇടപെട്ട് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.