ആലപ്പുഴ: കോവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്തെ കത്തോലിക്കാസഭയ്ക്ക് ഇതുവരെ നഷ്ടപ്പെട്ടത് 191 വൈദികരെയും 196 കന്യാസ്ത്രീകളെയും.കപ്പുച്ചിൻ വൈദികരുടെ പ്രസിദ്ധീകരണമായ 'ഇന്ത്യൻ കറന്റ്സി'ന്റെ എഡിറ്ററും മലയാളിയുമായ ഫാ. സുരേഷ് മാത്യുവാണ് രാജ്യത്താകെയുണ്ടായ മരണങ്ങളുടെ കണക്കുശേഖരിച്ചത്.മെയ്‌ 24 വരെയുള്ള കണക്കാണിത്.

നൂറ്റിയിരുപതോളം വൈദികരുടെ മരണം കഴിഞ്ഞയാഴ്ചതന്നെ റിപ്പോർട്ടുചെയ്തിരുന്നു. അപ്പോൾ കന്യാസ്ത്രീകളുടെ കണക്കെടുത്തിരുന്നില്ല. അതുകൂടി ശേഖരിച്ചപ്പോഴാണു മരണസംഖ്യ 387 എത്തിയത്.രൂപതാ വൈദികർ, സന്ന്യസ്ത വൈദികർ, സന്ന്യാസിനികൾ എന്നിവരുടെ കണക്കാണിത്. അദ്ദേഹം സമർപ്പിച്ച വിവരങ്ങൾ വത്തിക്കാന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'വത്തിക്കാൻ ന്യൂസി'ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ശവസംസ്‌കാരശുശ്രൂഷാസമയത്താണു വൈദികരിൽ പലർക്കും രോഗബാധയുണ്ടായതെന്നാണു നിഗമനം. കന്യാസ്ത്രീകളിൽ മിക്കവർക്കും രോഗംബാധിച്ചത് ആശുപത്രി ജോലിക്കിടയിലാണെന്നും ഫാ. സുരേഷ് മാത്യു പറഞ്ഞു. ഉത്തരേന്ത്യയിലെ ഉൾഗ്രാമങ്ങളിൽ ജോലിചെയ്യുന്നവർക്കു സമയത്തു മികച്ചശുശ്രൂഷ കിട്ടാഞ്ഞതും മരണംകൂടാൻ കാരണമായി.

കേരളത്തിനുപുറത്തു മരിച്ചവരിൽ വലിയൊരു വിഭാഗം 50-ൽത്താഴെ പ്രായമുള്ളവരാണ്. രാജ്യത്ത് രൂപത, സന്ന്യസ്ത വൈദികരായി മുപ്പതിനായിരത്തോളം പേരുണ്ടെന്നാണു കണക്ക്. കന്യാസ്ത്രീകളുടെ എണ്ണം ഒരുലക്ഷത്തിനുമുകളിൽ വരും.കന്യാസ്ത്രീകളിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസസഭയിലെ 14 പേർ മരിച്ചു. വൈദികരും കന്യാസ്ത്രീകളുമായി തൊണ്ണൂറോളം മലയാളികൾ ഇതുവരെ മരിച്ചെന്നാണു പ്രാഥമികവിവരം. മലയാളികളുടെതായി പ്രത്യേകം കണക്കെടുക്കാത്തതിനാൽ കൃത്യവിവരം ലഭ്യമായിട്ടില്ല.

മരണനിരക്ക് ഞെട്ടിക്കുന്നതാണെന്നു ഫാ. സുരേഷ് മാത്യു പറഞ്ഞു. പട്ടിക ഇപ്പോഴും പൂർണമായിട്ടുമില്ല. രാജ്യത്ത് 174 രൂപതകളാണുള്ളത്. ഇതിൽ 45 എണ്ണത്തിൽനിന്നാണ് 87 വൈദികർ മരിച്ചത്. തൃശ്ശൂർ അതിരൂപതയിൽമാത്രം ഒൻപതുപേർ മരിച്ചു. സന്ന്യസ്തസഭകളിൽ ജെസ്യൂട്ട് വിഭാഗത്തിൽനിന്നു 36 പേർ മരിച്ചു. സി.എം.ഐ. സന്ന്യാസസഭയ്ക്കു നഷ്ടപ്പെട്ടത് എട്ടുപേരെയാണ്.