പത്തനംതിട്ട: കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെൽറ്റ പ്ലസ് ജില്ലയിലെ കടപ്ര പഞ്ചായത്തിൽ കണ്ടെത്തിയതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായാണ് പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിലെ നാലു വയസുള്ള ആൺ കുട്ടിയിലാണു പുതിയ വേരിയന്റായ ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. മെയ്‌ മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. നിലവിൽ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക(ജീനോമിക്) പഠനത്തിലാണു പുതിയ വേരിയന്റായ ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. ന്യൂഡൽഹിയിലെ സിഎസ്ഐആർ - ഐജിഐബി (കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി)യിൽ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. ഇതേ തുടർന്നാണ് ഈ പ്രദേശത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. രോഗം പകരാതിരിക്കാനുള്ള കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചു.

കുട്ടി ഉൾപ്പെട്ട വാർഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ഏരിയയാണ്. ടിപിആർ നിരക്ക് 18.42 ശതമാനമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആർ കൂടുതലായി നിൽക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണ്. ഇതുവരെ ഇവിടെ 87 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇവിടെ 18 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരികരിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ പോസിറ്റീവ് രോഗികളെ ഡിസിസിയിലേക്ക് മാറ്റും. ഇവിടെ കോവിഡ് പരിശോധന വർധിപ്പിക്കും. കോൺടാക്ട് ട്രെയ്സിങ് ഊർജിതപ്പെടുത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഡെൽറ്റ അഥവാ ബി.1.617.2 വേരിയന്റിന് ജനിതകമാറ്റം ഉണ്ടായാണ് പുതിയ ഡെൽറ്റ പ്ലസ് വേരിയന്റ് രൂപപ്പെട്ടത്. ഇന്ത്യയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇത് മൂന്നാം തരംഗത്തിന് ഇടയാക്കിയേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത വർദ്ധിപ്പിച്ച ഉയർന്ന വ്യാപന ശേഷിയുള്ള കോവിഡ് ഡെൽറ്റ വകഭേദത്തിന് മാറ്റം സംഭവിച്ച് 'ഡെൽറ്റ പ്ലസ്' വേരിയന്റായാണ് ഇപ്പോൾ രൂപം കൊണ്ടിരിക്കുന്നത്. ഇത് 'AY.1 ' വേരിയന്റ് എന്നും അറിയപ്പെടുന്നു. ഡെൽറ്റ അഥവാ ബി .1.617.2 വേരിയന്റിന് മ്യൂട്ടേഷൻ സംഭവിച്ചാണ് പുതിയ ഡെൽറ്റ പ്ലസ് വേരിയന്റ് രൂപം കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായത് ഡെൽറ്റ വേരിയന്റുകളാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച്, പുതിയ കെ 417എൻ വേരിയന്റിനൊപ്പം ഡെൽറ്റയുടെ (ബി .1.617.2) 63 ജീനോമുകൾ ഇതുവരെ ആഗോള ശാസ്ത്ര സംരംഭമായ ജിഐഎസ്എഐഡി കണ്ടെത്തിയിട്ടുണ്ട്.