ബെംഗളൂരു: അടിയന്തിര സാ​ഹചര്യങ്ങളിലെ യാത്രകൾക്കൊഴികെ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി കർണാടക. ഈ മാസം 25 മുതൽ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരുടെ കോവിഡ് നെഗറ്റീവ് (ആർടി പിസിആർ) സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. വിമാനം, ട്രെയിൻ, ബസ്‌, സ്വകാര്യ വാഹനങ്ങൾ എന്നിവയിലെല്ലാമുള്ള യാത്രികർ 72 മണിക്കൂറിനകമുള്ള സർട്ടിഫിക്കറ്റാണ് കയ്യിൽ കരുതേണ്ടത്.

ആർടി പിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഹ്രസ്വ സന്ദർശനത്തിന് എത്തുന്നവർക്കും നിർബന്ധമാക്കും. പഠനത്തിനും ജോലിക്കുമായി പതിവായി എത്തി മടങ്ങുന്നവരും ചരക്കുലോറി ഡ്രൈവർമാരും മറ്റും രണ്ടാഴ്ചയ്ക്കിടെ കോവിഡ് പരിശോധന നടത്തിയ രേഖ കൈവശം വയ്ക്കണമെന്നാണ് പുതിയ നിർദ്ദേശം. അതേസമയം, അടുത്ത ബന്ധുക്കളുടെ മരണം, മെഡിക്കൽ അത്യാവശ്യം തുടങ്ങിയ അടിയന്തര യാത്രകൾക്കു കോവിഡ് രേഖ ഇല്ലാതെ എത്താം. എന്നാൽ, അതിർത്തിയിൽ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിക്കും. മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കരുതണം. കൃത്യമായ മൊബൈൽ നമ്പറുകളും കൈമാറണം. ഭരണഘടനാ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർക്കും ആരോഗ്യ രംഗത്തെ പ്രഫഷനലുകൾക്കും ഇളവുണ്ട്. 2 വയസ്സിനു താഴെയുള്ള കുട്ടികൾക്കു പരിശോധന വേണ്ട.