തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ സ്രവം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൂടി പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് കോഴിക്കോട് സ്വദേശികളിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.

നാലാഴ്ചയ്ക്കിടെ ബ്രിട്ടണിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവർ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നൽകിയിരുന്നു. വൈറസുകളുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാൻ ജനിതകശ്രേണീകരണം നടത്തുന്നതിന് ഇത്തരം കേസുകളുടെ സ്രവ സാമ്പിളുകൾ ലാബുകൾക്ക് കൈമാറാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

യുകെയിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്ന കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. സമീപകാലത്ത് യുകെയിൽ നിന്നെത്തിയ മുഴുവൻ പേരുടെയും വിവരങ്ങൾ ശേഖരിക്കാൻ ഇമിഗ്രേഷൻ ബ്യൂറോ, വിമാനത്താവള അഥോറിറ്റി എന്നിവയുമായി ഏകോപനം നടത്താനും കേന്ദ്രം നിർദ്ദേശിച്ചു.