തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്നതിനിടെ ഒറ്റ ദിവസം അമ്പതിനായിരം പേർക്ക് വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചേക്കാമെന്ന് വിലയിരുത്തൽ. കോവിഡ് കോർ കമ്മറ്റി യോഗത്തിലാണ് ഈ വിലയിരുത്തൽ.

ആശുപത്രികളോട് സജ്ജമായിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരിൽ കൂട്ട പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

മുപ്പത് ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ വീടുകളിലെത്തി ആന്റിജൻ പരിശോധന നടത്തും. ജില്ലാ ടി.പി.ആറിന്റെ ഇരട്ടി ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ എല്ലാ വീടുകളിൽ നിന്നും ഒരാളെയെങ്കിലും പരിശോധിക്കും.

കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും.

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ അഞ്ചര ലക്ഷം ഡോസ് കൂടി ഉടനെത്തുമെന്നാണ് വിവരം. കോവിഡ് കണക്കുകൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ പരാമാവധി വേഗത്തിൽ രോഗികളെ പരിശോധിക്കുകയാണ് ലക്ഷ്യം.

അതിനിടെ സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഏഴു ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.

പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ

വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ.
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056-ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക.
ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് ഏഴു ദിവസം കൂടി ക്വാറന്റൈൻ തുടരേണ്ടതാണ്.

രോഗം വരാൻ സാധ്യത കുറവുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ

14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കുകയും മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകൾ പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കുകയും ചെയ്യുക.
കല്യണം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056-ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക.

ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പർക്കക്കാർ

സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ.

ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056-ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക.

കേരളത്തിലേക്ക് വരുന്ന അന്തർദേശീയ യാത്രക്കാർ

കേരളത്തിൽ എത്തുമ്പോൾ കേന്ദ്രസർക്കാർ മാർഗനിർദ്ദേശ പ്രകാരം ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് ഏഴു ദിവസം നിരീക്ഷിക്കുക.

 അന്തർസംസ്ഥാന യാത്രക്കാർ

ഇ- ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.
ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റീനിൽ തുടരുകയും ചെയ്യുക.
ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാസ്‌ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക.
ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നില്ല എങ്കിൽ 14 ദിവസം റൂം ക്വാറന്റീനിൽ കഴിയുക.
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056-ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകയും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണം.
എല്ലായ്‌പ്പോഴും കോവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരുക