ന്യൂഡൽഹി: കോവിഡ് ബാധിച്ച് മനുഷ്യർ പിടഞ്ഞു മരിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവു കാഴ്‌ച്ചയായി മാറിക്കഴിഞ്ഞു. യഥാർഥത്തിൽ പുറത്തു വരുന്ന കണക്കുകൾ കുറച്ചു മാത്രമേയുള്ളൂ എന്നാണ് ഇവിടങ്ങളിലെ പ്രത്യേകത. പല സംസ്ഥാനങ്ങളിലും യഥാർഥ കോവിഡ് കണക്കുകൾ കുറച്ചു കാണിക്കുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മഹാരാഷ്ട്ര, ഡൽഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് അതിവ്യാപനത്തിലുത്തത്. കേരളം ഒരു അഗ്നിപർവതത്തിന്റ മുകളിലിരിക്കുന്ന അവസ്ഥയിലാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓർമ്മിപ്പിച്ചത്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ കേരളം യുപിയെ പോലെയാകാൻ അധികം സമയം വേണ്ട.

കോവിഡ് അതീവ രൂക്ഷമായ ഉത്തർപ്രദേശ് ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷത്തിലേറെ പ്രതിദിന രോഗികളുമായി മഹാരാഷ്ട്രയെ പിന്നിലാക്കി രാജ്യത്ത് ഒന്നാമതെത്തുമെന്നും കേരളത്തിൽ ഏപ്രിൽ 30ന് 39,000 ആയി വർദ്ധിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. 30ന് യു.പി.യിൽ പ്രതിദിന രോഗികൾ 1,19,000 വരെയാവാം. ലക്ഷത്തിനടുത്ത് രോഗികളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ടാവും. ഇങ്ങനെ വരുമ്പോൾ കേരളത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ യോഗത്തിൽ നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പത്ത് സംസ്ഥാനങ്ങളിലാണ് രോഗം ഏറ്റവും രൂക്ഷമായിരിക്കുന്നത്. രോഗികൾ വർദ്ധിച്ചാൽ ചികിത്സാ സൗകര്യങ്ങൾ മതിയാവില്ലെന്നും മരണം വർദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരളം ഏഴാമതാണെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ല എറണാകുളമാണ്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ചത്തെ രോഗികളുടെ വർദ്ധന കേന്ദ്രം കണക്കാക്കിയത്. രോഗികൾ കൂടിയാൽ പ്രാദേശിക ലോക് ഡൗണിനും നിർദ്ദേശമുണ്ട്.കോവിഡ് ചെയിൻ പൊട്ടിച്ചില്ലെങ്കിൽ വരുന്ന ആഴ്ച ഈ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാവും. ഡൽഹി, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പ്രതിദിന രോഗികൾ അരലക്ഷം കവിയും.

കോവിഡ് രോഗികൾ രണ്ട് ലക്ഷം കവിഞ്ഞതോടെ കേരളത്തിൽ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ട ആവശ്യകത സർക്കാറിന് ബോധ്യമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചുണ്ട്. ഡൽഹിയിലും യു.പിയിലും ഓക്‌സിജൻ സൗകര്യമുള്ള 16,000 ഐസോലേഷൻ കിടക്കകളുടെയും 2500 ഐ.സി യൂണിറ്രുകളുടെയും കുറവുണ്ടാകും. മരണം കൂടും. ചികിത്സാ സൗകര്യങ്ങൾ ഉടൻ വർദ്ധിപ്പിക്കാനും സന്നദ്ധ സംഘടനകളെക്കൊണ്ട് കൂടുതൽ ആരോഗ്യ രക്ഷാ സംവിധാനങ്ങൾ ഉണ്ടാക്കാനും കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

മൂന്ന് രീതിയിൽ നിയന്ത്രണം കൊണ്ടുവരാനാണ് പൊതു നിർദ്ദേശം. ഒന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 15ന് മുകളിലുള്ളവ തീവ്രം. രണ്ട് 10നും 15നും ഇടയിലുള്ളവ ഇടത്തരം, മുന്ന് 10ന് താഴെയുള്ളവ താഴ്ന്ന പട്ടികയിൽ. മൂന്ന് വിഭാഗങ്ങൾക്കും പരിശോധന, ചികിത്സ, സ്രോതസ് കണ്ടെത്തുക, രോഗം ഇല്ലാതാക്കുക, പ്രതിരോധ കുത്തിവയ്പ് എന്നിവ ബാധകമാണ്. തീവ്ര മേഖലയിൽ രോഗികൾ കൂടിയാൽ ലോക് ഡൗൺ ആകാം. രണ്ടാം വിഭാഗത്തെ കണ്ടെയ്ന്മെന്റ് സോണുകളാക്കണം. മൂന്നാമത്തെ വിഭാഗത്തിന് ടെസ്റ്റ് മുതൽ, വാക്‌സിനേഷൻ വരെ മതിയാകുംമെന്നും പോൾ നിർദ്ദേശിക്കുന്നു.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ എറണാകുളം മുന്നിൽ

എറണാകുളം ജില്ലയിൽ 21 പേരിൽ ഒരാൾക്കു വീതം കോവിഡ്. ജില്ലയിലെ 1,68,142 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. മൊത്തം ജനസംഖ്യയുടെ 5% വരുമിത്. ഇപ്പോൾ 10 ലക്ഷം പേരിൽ 1300 പേർക്കു പ്രതിദിനം കോവിഡ് ബാധിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് എറണാകുളത്താണ് 32,167. 6 ദിവസം കൊണ്ട് ജില്ലയിലെ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.

ജനസംഖ്യാനുപാതികമായി, രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ പ്രതിദിന പോസിറ്റീവ് കേസുകളുള്ള ജില്ലകളിൽ ഒന്നാണ് എറണാകുളം. ഡൽഹിയിലും മുംബൈയിലും ഇതിൽ കുറവ് ആളുകൾക്കേ വൈറസ് ബാധയുണ്ടാകുന്നുള്ളൂവെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. പത്മനാഭ ഷെണോയ് ചൂണ്ടിക്കാട്ടി.

വൈറസ് ബാധയുണ്ടാകാൻ സാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതു കൊണ്ടാണു ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്നതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. പരമാവധി കോവിഡ് ബാധിതരെ കണ്ടെത്തി വ്യാപന തോത് കുറയ്ക്കുകയാണു ലക്ഷ്യം. കോവിഡ് ചികിത്സയ്ക്കായി 1146 കിടക്കകൾ ഒഴിവുണ്ടെന്നും അധികൃതർ അറിയിച്ചു. കളമശേരി ഗവ. മെഡിക്കൽ കോളജ് പൂർണമായും കോവിഡ് ആശുപത്രിയാക്കും. ഓക്‌സിജൻ സൗകര്യമുള്ള കിടക്കകളുടെ എണ്ണം വർധിപ്പിക്കും.

അതേസമയം സംസ്ഥാനത്തു തുടർച്ചയായി മൂന്നാം ദിവസവും കാൽ ലക്ഷത്തിലേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കകൾക്ക് ഇട നൽകുന്നുണ്ട്. ഇന്നലെ 1,31,155 സാംപിളുകളിലായി 26,685 പേർ പോസിറ്റീവായി. സ്ഥിരീകരണ നിരക്ക് (ടിപിആർ) 20.35%.പോസിറ്റീവായവരുടെ എണ്ണവും സ്ഥിരീകരണ നിരക്കും കഴിഞ്ഞ ദിവസത്തെക്കാൾ കുറഞ്ഞിട്ടുണ്ട്. കോവിഡ് മുക്തരുടെ എണ്ണം കൂടി 7067.

ആകെ ചികിത്സയിലുള്ളവർ 1,98,576 ആയി. 25 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 5080.ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 1757 പേരുടെ ഉറവിടം വ്യക്തമല്ല. 259 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. ആരോഗ്യ പ്രവർത്തകർ 73. കൂടുതൽ കേസുകൾ കോഴിക്കോട് (3767), എറണാകുളം (3320) ജില്ലകളിലാണ്.