തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അടുത്തമാസം പ്രതിദിനം 10,000 മുതൽ 20,000 വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ട്. കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്ക് ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.

കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സർക്കാരും ആരോഗ്യവകുപ്പും സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അടുത്ത മാസത്തോടെ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിശക്തമാകുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 434 പേർക്കും, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 202 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 115 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 98 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 79 പേർക്കും, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നിന്നുള്ള 75 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 74 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 72 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 53 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കും, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 27 പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജൻ (55), ഓഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണൻ (80), ഓഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 100 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 98 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 428 പേർക്കും, മലപ്പുറം ജില്ലയിലെ 180 പേർക്കും, പാലക്കാട് ജില്ലയിലെ 159 പേർക്കും, എറണാകുളം ജില്ലയിലെ 109 പേർക്കും, കോഴിക്കോട് ജില്ലയിലെ 83 പേർക്കും, തൃശൂർ ജില്ലയിലെ 73 പേർക്കും, കാസർഗോഡ് ജില്ലയിലെ 71 പേർക്കും, കൊല്ലം ജില്ലയിലെ 64 പേർക്കും, ആലപ്പുഴ ജില്ലയിലെ 59 പേർക്കും, പത്തനംതിട്ട ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 43 പേർക്കും, വയനാട് ജില്ലയിലെ 27 പേർക്കും, കണ്ണൂർ ജില്ലയിലെ 21 പേർക്കും, ഇടുക്കി ജില്ലയിലെ 19 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ 2 വീതവും, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.