ന്യൂഡൽഹി: ഇനി നിയന്ത്രണങ്ങൾ ഇല്ലാത്ത കോവിഡ് പ്രതിരോധം. കോവിഡിനൊപ്പം സഞ്ചരിക്കാം എന്ന സന്ദേശവുമായി എല്ലാ നിയന്ത്രണങ്ങളും പതിയെ പിൻവലിക്കുകയാണ് കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോഴാണ് വിപണിയെ ചലിപ്പിക്കാനുള്ള ഈ നീക്കം. കോവിഡ് വാക്‌സിൻ ഉടനെത്തുമെന്ന പ്രതീക്ഷയും ഈ തീരുമാനങ്ങളിലുണ്ട്. അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുമെന്നാണ് സൂചന.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കും. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതും അംഗീകരിക്കുമെന്നാണ് സൂചന. തിയേറ്ററുകൾ തുറക്കണമോ എന്ന ചർച്ചയും സജീവമാണ്. മെട്രോയുടെ കാര്യത്തിൽ ധാരണയുണ്ടായി എന്നാണ് സൂചന. മെട്രോ ട്രെയിനുകളിൽ ഒരു മണിക്കൂറിൽ കൂടുതൽ ആളുകൾ ചെലവഴിക്കുന്നില്ല. അതിനാൽ കർശനമായ മുൻകരുതലുകളോടെ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കും.

അന്തർസംസ്ഥാന യാത്രകൾ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് എഴുതിയിരുന്നു. ഇനി എയർകണ്ടിഷൻ ചെയ്ത ബസുകളുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബസ് സർവീസുകളും ആരംഭിക്കും. യാത്രകൾ സാധാരണ ഗതിയിലാക്കാനാണ് ഇത്. ഇതെല്ലാം കോവിഡ് വ്യാപനത്തെ കൂട്ടുമെന്ന ആശങ്കയും സജീവമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തിൽ വ്യക്തതയായില്ല. കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരിക്കും. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇളവുകൾ വേ്ണമെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് ലോക്ഡൗണിനെ അൺലോക്കിലേക്ക് കേന്ദ്രം കൊണ്ടു പോകുന്നത്. രാജ്യത്ത് അനുദിനം കോവിഡ് രോഗികൾ ഉയരുന്നതിനിടെയാണ് ഇത്.

അതിനിടെ അൺലോക്ക് നാലിന്റെ ഭാഗമായി അന്തർ സംസ്ഥാന യാത്രയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കർണ്ണാടകയും തീരുമാനിച്ചു. നിലവിൽ കർണാടക സർക്കാർ അന്തർ സംസ്ഥാന യാത്രക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രക്കാർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകുകയോ സേവാ സിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതില്ലെന്ന് അന്തർ സംസ്ഥാന യാത്രക്കാർക്കുള്ള പ്രോട്ടോക്കോൾ സംബന്ധിച്ച പുതുക്കിയ സർക്കാർ ഉത്തരവിൽ പറയുന്നു.

അൺലോക്ക് -3 നുള്ള ജൂലൈ 29 മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ സംസ്ഥാനത്തിനകത്തുള്ള യാത്രകൾക്കും അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഇനി വേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചതിന് പിറകേയാണ് കർണാടകയുടെ നടപടി. കോവിഡ് വ്യാപനം കാരണം കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ അതിർത്തികൾ അടയ്ക്കുന്നുണ്ടെന്നും ഇത് രാജ്യത്തൊട്ടാകെയുള്ള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നതായും മന്ത്രാലയം അധികൃതർ പറഞ്ഞിരുന്നു. അന്തർ സംസ്ഥാനയാത്രയുമായി ബന്ധപ്പെട്ട പുതുക്കിയ നിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കർണാടകയിലെത്തുന്ന യാത്രക്കാർക്ക് ബാധകമാവുമെന്ന് ആരോഗ്യ വിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി ജവേദ് അഖ്തർ പറഞ്ഞു.

ബിസിനസ്സ് ആവശ്യങ്ങൾക്കായി വരുന്നവർ, വിദ്യാർത്ഥികൾ, ജോലിക്കായി വരുന്ന തൊഴിലാളികൾ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാകും. അവരുടെ സന്ദർശന ഉദ്ദേശ്യമോ സംസ്ഥാനത്തെ താമസകാലമോ പരിഗണിക്കാതെയാണ് പുതിയ നിർദ്ദേശങ്ങൾ പ്രകാരമുള്ള ഇളവുകളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വയം റിപ്പോർട്ടിങ്, സെൽഫ് ഐസൊലേഷൻ, കോവിഡ് -19 പരിശോധന എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് യാത്രക്കാർക്കായി ബോധവൽക്കരണം നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

അടുത്തഘട്ട അൺലോക്കിങ് പ്രക്രിയയുടെ ഭാഗമായി സിനിമ തിയറ്ററുകളും മൾട്ടി പ്ലക്സുകളും തുറന്നേക്കും എന്നും സൂചനയുണ്ട്. ഓഗസ്റ്റ് അവസാനത്തോടെയായിരിക്കും അടുത്തഘട്ട അൺലോക്ക് നടപടികൾ ആരംഭിക്കുക. അതിനുശേഷമായിരിക്കും തീരുമാനമുണ്ടാകുക. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകൾ തുറക്കുക. സിനിമാ പ്രേമികളെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ തുടക്കത്തിൽ ഗംഭീര ഓഫറുകളും ഇളവുകളും നൽകിയേക്കുമെന്നാണ് ഈ മേഖലയിൽ നിന്നുള്ളവർ പറയുന്നത്. ടിക്കറ്റ് നിരക്കിൽ 15 മുതൽ 20 ശതമാനം വരെയായിരിക്കും ഇളവ് നൽകുക. രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് അടുത്ത ഷോക്ക് ഒരു ടിക്കറ്റ് സൗജന്യമായി നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യ ആഴ്ചകളിൽ ആരോഗ്യമേഖലയിൽ നിന്നുള്ളവർക്കും പൊലീസുകാർക്കും സൗജന്യം അനുവദിക്കുന്നകാര്യവും മൾട്ടിപ്ലക്സുകൾ പരിഗണിക്കുന്നുണ്ട്.

എന്നാൽ സ്‌കൂളുകളും കോളജുകളും തുറക്കില്ല. ബാറുകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല, എന്നാൽ കൗണ്ടറിലൂടെയുള്ള മദ്യവിൽപ്പന തുടരാമെന്ന് അറിയിക്കുന്നു. മാർച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണിൽ ഇളവുകൾ നൽകി വരുന്നത്. 31 ലക്ഷം േപർ രാജ്യത്ത് കോവിഡ് ബാധിതരായി. 57,000 പേർ മരിച്ചു. അൺലോക്ക് മൂന്നാം ഘട്ടത്തിൽ ജിംനേഷ്യവും യോഗ സെന്ററുകളും തുറക്കാൻ അനുമതി നൽകിയിരുന്നു.