അമരാവതി: കോവിഡിനെ ഫലപ്രദമായ ചെറുക്കുന്ന മരുന്ന് ലോകത്തെങ്ങും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ, ഇന്ത്യയിൽ കോവിഡിനെ ചെറുക്കാനുള്ള അത്ഭുത മരുന്നെന്ന ലേബലിൽ പലയിടങ്ങളിലും ചില മരുന്നുകളൊക്കെ വിൽക്കുന്നുണ്ട്. അത്തരത്തിൽ, അമരാവതിയിൽ കോവിഡിന് ഉപയോഗപ്രദമായ മരുന്നെന്ന ലേബലിൽ ആയുർവേദ ഡോക്ടർ വിറ്റ മരുന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് ഐസിഎംആർ.

ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ കൃഷ്ണപട്ടണം ഗ്രാമത്തിലാണ് കോവിഡിനുള്ള അത്ഭുത മരുന്നെന്ന ലേബലിൽ മരുന്നു വിറ്റത്. സ്വയം പ്രഖ്യാപിത ആയുർവേദ ഡോക്ടർ വിതരണം ചെയ്യുന്ന കോവിഡിനെ തുരത്തുന്ന മരുന്ന് വാങ്ങാനാണ് ജനക്കൂട്ടം ഇരച്ചെത്തിയത്. ഇയാൾ സ്വയം വികസിപ്പിച്ച മരുന്നാണ് വിതരണം ചെയ്തത്.

ബോനിഗി ആനന്ദ് എന്ന വ്യക്തിയാണ് കോവിഡ് ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് മരുന്നു വിതരണം ചെയ്യുന്നത്. ഈ മരുന്ന് കോവിഡ് രോഗികളിൽ ഗുണം ചെയ്യുന്നെന്നാണ് ഇയാൾ നാട്ടുകാരെ വിശ്വസിപ്പിക്കുന്നത്. ഇതിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. കഴിഞ്ഞ പത്തു ദിവസമായി സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. കിലോമീറ്ററുകളോളം നീണ്ട നിര ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെയാണ് സംഭവം പരിശോധിക്കാൻ ഒരുങ്ങിയതും.

കോവിഡ് ബാധിച്ചവർക്ക്, പനി ഉള്ളവർക്ക്, കോവിഡിന്റെ മറ്റ് ലക്ഷണങ്ങൾ ഉള്ളവർക്ക് എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മരുന്ന് വിതരണം. നാലു മരുന്നുകൾ തയാറാക്കിയെന്നും ആയുർവേദ മൂലികകാണു ചേരുവയെന്നും ഇയാൾ അവകാശപ്പെടുന്നു. ഗ്രാമത്തിൽ കുറേനാളായി ആയുർവേദ ചികിത്സ നടത്തുന്നയാളാണ് ആനന്ദ്. ഇയാൾ ആയുർവേദത്തിലോ മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളിലോ ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല.

മരുന്നു വിതരണം ചെയ്യുന്നത് സംസ്ഥാന സർക്കാർ ഇടപെട്ട് നിർത്തിവച്ചെങ്കിലും ഇയാൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മരുന്നിനു പാർശ്വഫലങ്ങൾ ഉണ്ടെന്നു തെളിവു ലഭിക്കാത്തതിനാലാണ് നടപടി സ്വീകരിക്കാത്തത്. മരുന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സർക്കാർ അറിയിച്ചു. ഐസിഎംആർ പ്രതിനിധികൾ ശനിയാഴ്ച നെല്ലൂരിൽ എത്തിയേക്കും.