ആലപ്പുഴ: ആറന്മുളയിൽ കോവിഡ് ബാധിതയെ പീഡിപ്പിച്ചത് 108 ആംബുലൻസിന്റെ ഡ്രൈവർ എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. വധ ശ്രമ കേസിലെ പ്രതി 108 ആംബുലൻസിൽ ഡ്രൈവറായി എന്നതും അതീവ ഗുരുതരമാണ്. ഇങ്ങനെ ക്രിമിനലിനെ 108 ആംബുലൻസ് ഏൽപ്പിച്ച സംവിധാനമാണ് കോവിഡ് രോഗ ബാധിതയുടെ പീഡനത്തിന് വഴിയൊരുക്കിയതെന്നാതാണ് യാഥാർത്ഥ്യം.

കോഴഞ്ചേരിയിൽ നിന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള യാത്രയിലായിരുന്നു പെൺകുട്ടി. കോവിഡ് സ്ഥിരീകരിച്ചതിന്റെ മാനസിക വിഷമവും ഉണ്ടായിരുന്നു. ഈ ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് കോഴഞ്ചേരി ആശുപത്രിയിലാണ് ചികിൽസ നിർദ്ദേശിച്ചത്. ഇതിന് ശേഷം രണ്ടാമത്തെ യുവതിയെ ഫസ്റ്റ് ലൈൻ ട്രീന്റ്‌മെന്റ് സെന്ററിലേക്ക് അയച്ചു. ഈ ആംബുലൻസിൽ യുവതിക്കൊപ്പമുണ്ടായിരുന്നത് ക്രിമിനലായ ആംബുലൻസ് ഡ്രൈവറും. ഈ ഡ്രൈവർ എങ്ങനെയാണ് ക്രിമിനൽ പശ്ചാത്തലം മറച്ചു വച്ച് 108 ആംബുലൻസിന്റെ വളയം പിടിക്കാനെത്തിയതെന്നത് ദുരൂഹമാണ്.

ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതിയിൽ ആംബുലൻസ് ഡ്രൈവർ കീരിക്കാട് സ്വദേശി നൗഫലിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലാണ് യുവതി പീഡനത്തിന് ഇരയായത്. ഇന്നലെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ പല രോഗികളേയും രാത്രിയിലാണ് 108 ആംബുലൻസ് എത്തി ആശുപത്രികളിലേക്ക് മാറ്റിയത്. രണ്ട് പെൺകുട്ടികളെ മാറ്റാനും വൈകിയാണ് ആംബുലൻസ് എത്തിയത്. ഒരാളെ കോഴഞ്ചേരിയിൽ എത്തിച്ചപ്പോഴും മണി പന്ത്രണ്ടര കഴിഞ്ഞിരുന്നു. രാത്രി ഒരു മണിയോടെയായിരുന്നു പീഡനം.

അതിന് ശേഷം യുവതിയെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഡ്രൈവർ എത്തിച്ചു. ഇവിടെ എത്തിയതും യുവതിയുടെ മുഖത്തെ പ്രശ്‌നങ്ങൾ ആരോഗ്യ പ്രവർത്തകർ തിരിച്ചറിഞ്ഞു. കാര്യം തിരിക്കിയ ആരോഗ്യ പ്രവർത്തകരോടാണ് ബലാത്സംഗത്തിന്റെ വിശദാംശങ്ങൾ പറഞ്ഞത്. ഇതോടെ ആംബുലൻസ് ഡ്രൈവർക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കാതെ പൊലീസിനെ അറിയിച്ചു. അടൂർ ആശുപത്രിയിൽ നിന്ന് പിടികൂടുകയും ചെയ്തു. കോവിഡിൽ തളർന്ന പെൺകുട്ടിക്ക് താങ്ങാനാവാത്ത ക്രൂരതയാണ് ഡ്രൈവർ നൽകിയത്. ആംബുലൻസിലെ രാത്രിയാത്രയ്ക്ക് കാരണവും സർക്കാർ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാണ്. കോവിഡിൽ മേനി പറയുന്ന ആരോഗ്യ സംവിധാനത്തിന് കൂടി അപമാനമാണ് ഈ സംഭവം.

സർക്കാരിന്റെ നിയന്ത്രണത്തിലാണ് 108 ആംബുലൻസുകൾ. ഇതിലാണ് കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതും മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതും. ഇത്തരത്തിലുള്ള സംവിധാനത്തിലെ ഡ്രൈവറാണ് പീഡകൻ. കോവിഡിൽ രോഗ പകർച്ചയ്ക്കുള്ള സാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ബലാത്സംഗത്തിന് ഡ്രൈവർ മുതിർന്നത് ക്രിമിനൽ മാനസികാവസ്ഥയ്ക്ക് തെളിവാണ്. അങ്ങനെ കോവിഡ് രോഗിക്ക് പീഡനമുണ്ടാകുമ്പോൾ അതിന് സംവിധാനവും കുറ്റക്കാരാകുന്നു.

ആറന്മുളയിലെ ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞു. പ്രതി വധശ്രമക്കേസ് പ്രതിയാണെന്നു സൂചനയുണ്ട്. ഇയാൾ ഇപ്പോൾ പൊലീസ് സ്റ്റേഷനിലാണ്. കൂടുതൽ വിവരവങ്ങൾ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ശേഖരിച്ചു വരുന്നു പത്തനംതിട്ട നഗരത്തിൽ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് പീഡനം നടന്നത്. ആംബുലൻസിൽ രണ്ടു യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കാനാണ് ആരോഗ്യവകുപ്പ് അധികൃതർ ആംബുലൻസ് ഡ്രൈവർക്ക് നിർദ്ദേശം നൽകിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി, പീഡനത്തിനിരയായ 20 കാരിയുമായി ഇയാൾ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടർന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

രാത്രി തന്നെ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടർന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതി നൗഫൽ കൊലക്കേസ് പ്രതിയാണ്. സമീപ കാല കോവിഡ് പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്. പെൺകുട്ടിയെ ഞായറാഴ്ച വൈദ്യപരിശോധന്ക്ക് വിധേയയാക്കും. കോവിഡ് പോസിറ്റീവായ പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ നടപടികൾ ഇന്നുണ്ടാകും. പിടിയിലായ നൗഫലിലെയും പത്തനംതിട്ടയിലെ ഒരു പൊലീസ് സ്റ്റേഷനിൽ പ്രത്യേക മുറിയിൽ പാർപ്പിച്ചിരിക്കുകയാണ്. ഇയാളെ ക്വാറന്റീനിൽ പ്രവേശിപ്പിക്കേണ്ടതായും ഉണ്ട്.