ന്യൂഡൽഹി: മാതാപിതാക്കൾ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നു അനാഥരായ കുട്ടികൾക്ക് പ്രതിമാസം 2,500 രൂപ പെൻഷൻ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഒറ്റത്തവണയായി 50,000 രൂപ നൽകുന്നതിനു പുറമെയാണിതെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.

പിതാവും മാതാവും മരിച്ച് അനാഥമാക്കപ്പെട്ട കുട്ടികൾക്ക് 25 വയസു തികയുന്നതു വരെ 2,500 രൂപ പ്രതിമാസ പെൻഷൻ നൽകും. മുഖ്യമന്ത്രി കോവിഡ് 19 പരിവാർ ആർതിക സഹായത യോജന എന്ന പേരിലുള്ള പദ്ധതി ഓൺലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കുടുംബാംഗങ്ങൾക്ക് നേരിട്ട് വെബ്‌സൈറ്റിലൂടെ ഓൺലൈനിൽ പെൻഷനായി അപേക്ഷിക്കാം. ഇല്ലാത്ത പക്ഷം സർക്കാർ പ്രതിനിധികൾ വീട്ടിലെത്തി അപേക്ഷ നൽകാൻ സഹായിക്കുന്നു. ആധാറും മൊബൈൽ നന്പരും വിലാസവും ഉപയോഗിച്ച് അപേക്ഷിക്കുന്നവരുടെ വീടുകളിൽ ഒരാഴ്ചയ്ക്കകം സർക്കാർ പ്രതിനിധി നേരിട്ടെത്തി രേഖകൾ പരിശോധിച്ച് സഹായധനം ലഭ്യമാക്കും.