തിരുവനന്തപുരം: എല്ലാ ജില്ലകളിലെയും കോവിഡ് ബാധിതരുടെ വിവരം കൊച്ചി പൊലീസ് തയാറാക്കിയ ആപ്പിൽ പങ്കുവയ്ക്കണമെന്ന സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുടെ നിർദേശത്തിനെതിരെ സേനാ തലപ്പത്തു കടുത്ത അതൃപ്തിയെന്ന് മനോരമാ റിപ്പോർട്ട്. ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരി ഡിജിപിക്കു വാക്കാൽ പരാതി നൽകി. എഡിജിപി ഷേക്ക് ദർവേഷ് സാഹിബും അതൃപ്തി അറിയിച്ചു. മറ്റു പല ജില്ലാ പൊലീസ് മേധാവികളും വിയോജിപ്പു വാക്കാൽ പ്രകടിപ്പിച്ചുവെന്ന് മനോരമ പറയുന്നു

പൊലീസ് ആസ്ഥാനത്ത് എഡിജിപിമാരും ഡിജിപിയുമൊക്കെ ഉള്ളപ്പോൾ വിവാദ നിർദ്ദേശം ഒരു ഐജി എങ്ങനെ നൽകുമെന്നതാണ് വിവാദത്തിന് കാരണം. ആപ്പിലേക്ക് ആരും ഒരു വിവരവും നൽകേണ്ടതില്ലെന്നാണ് മറ്റു ജില്ലകളിലെ പൊലീസ് ഉന്നതരുടെ തീരുമാനം. ഡാറ്റാ ചോർച്ചയ്ക്ക് പോലും ഇത് സാഹചര്യമൊരുക്കുമെന്ന സംശയവും ഉണ്ട്. ഡാറ്റാ മോഷണത്തിന് പല ആപ്പുകളും ശ്രമിക്കുന്നതായി നേരത്തെ വിവാദം ഉയർന്നിരുന്നു. കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സ്പ്രിങ്ലറിന്റെ ശ്രമം പോലും വിവാദങ്ങളിൽ ഇല്ലാതെയായി.

ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനുള്ള സംസ്ഥാനതല നോഡൽ ഓഫിസർ എഡിജിപി ഷേക്ക് ദർവേഷ് സാഹിബാണ്. വിവരങ്ങൾ ആപ്പിലേക്കു നൽകണമെന്നു 3 ദിവസം മുൻപാണു സാഖറെ നിർദേശിച്ചത്. സർക്കാർ ആപ്പുകളിലേക്കു മാത്രമേ വിവരം കൈമാറൂ എന്നാണു ഹർഷിത അട്ടല്ലൂരി വ്യക്തമാക്കിയത്. ആപ്പിലേക്കു ഒന്നും നൽകരുതെന്നു ഹർഷിത തന്റെ മേഖലയിലുള്ള എസ്‌പിമാർക്കു നിർദ്ദേശം നൽകി.

സ്വകാര്യ കമ്പനിയാണു കൊച്ചി പൊലീസിന്റെ ആപ് തയാറാക്കിയത്. ഇതുസംബന്ധിച്ച് പൊലീസിൽ നിലനിൽക്കുന്ന ഭിന്നതയും ആശയക്കുഴപ്പവും വ്യക്തമാക്കുന്നതാണ് പുതിയ വിവാദമെന്ന് മനോരമ പറയുന്നു. കോവിഡ് രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിക്കാൻ 11നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിരുന്നു. ഇതു സ്വകാര്യതയുടെ ലംഘനമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭിന്നാഭിപ്രായം അവർ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ലൊക്കേഷൻ പരിശോധിച്ചു രോഗിയുടെ നീക്കങ്ങൾ മനസ്സിലാക്കാമെന്നിരിക്കെ, കോൾ വിവരങ്ങൾ ശേഖരിക്കുന്നതിനോടാണ് എതിർപ്പെന്നും മനോരമ പറയുന്നു.

അതിനിടെ അസാധാരണമായ സാഹചര്യത്തിൽ വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ അനിവാര്യമായ ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്നതിനാൽ അതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നതു ശരിയല്ലെന്നു പൊലീസിന്റെ വിശദീകരണം. ടെലിഫോൺ കോളുകളുടെ ഉള്ളടക്കം ശേഖരിക്കുന്നില്ല. അതിനാൽ ടെലിഗ്രാഫ് ആക്ട് 5(2) ബാധകമാകുന്നുമില്ലെന്നാണു പൊലീസ് വാദം. കേന്ദ്ര സർക്കാരിന്റെ ഉത്തരവുകളും മാനദണ്ഡങ്ങളും പാലിച്ചാണു സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ വികസിപ്പിച്ച പ്ലാറ്റ്‌ഫോം ഉപയോഗിച്ചു ട്രാക്കിങ് നടത്തുന്നത്.

മഹാമാരികൾ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികൾ സ്വകാര്യതയുടെ ലംഘനമാകില്ലെന്നു സുപ്രീംകോടതി 2017ലെ കെ.എസ്.പുട്ടസ്വാമി കേസിന്റെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.