അടൂർ: നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും സിപിഐയുടെ പത്തനംതിട്ട ജില്ലാ നേതാക്കളും ചേർന്ന് നടത്തിയ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് വഴി വച്ചു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത്, വധൂ-വരന്മാരിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്ന ചിത്രമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

ഒമ്പതു പേരാണ് ചിത്രത്തിലുള്ളത്. അവരിൽ ആരും തന്നെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ചിലരുടെ കൈവശം മാസ്‌ക് ഇരിക്കുന്നതും കാണാം. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടുള്ള ചിത്രം മാതൃകാപരം എന്ന തലക്കെട്ടിൽ ചിറ്റയവും സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വിവാഹ ആഘോഷം ഒഴിവാക്കി 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന ചടങ്ങിലാണ് നേതാക്കൾ നിയമത്തിന്റെ സകല സീമയും ലംഘിച്ച് പ്രത്യക്ഷപ്പെട്ടത്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അടൂർ പറക്കോട് ഭാരതവിലാസം വീട്ടിൽ പ്രഫ ആർ. ശങ്കര നാരായണൻപിള്ളയാണ് മകളുടെ വിവാഹത്തിന്റെ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കിയ ശേഷം അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വിവാഹനാളിൽ ചിറ്റയം ഗോപകുമാർ എംഎൽഎയെ ചെക്ക് ഏൽപ്പിക്കുകയായിരുന്നു.

എല്ലാ ആർഭാടങ്ങളും ഒഴിവാക്കി 20 പേർ മാത്രം പങ്കെടുക്കുന്ന രീതിയിൽ വീട്ടിൽ തന്നെ ലളിതമായി ആണ് വിവാഹം നടത്തിയത്. ചെക്ക് ഏറ്റു വാങ്ങാനെത്തിയ ചിറ്റയം ഗോപകുമാർ, സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ, അടൂർ നഗരസഭ ചെയർമാൻ ഡി സജി, സിപിഐ മണ്ഡലം സെക്രട്ടറി എഴംകുളം നൗഷാദ് എന്നിവർക്ക് പുറമേ വരൻ, വധു, വധുവിന്റെ മാതാപിതാക്കൾ എന്നിവരും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിരിക്കുകയാണ്.

ആരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ചിറ്റയം ഗോപകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ അടിക്കുറിപ്പിൽ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല.