ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ പ്രതിദിന വർധന നാല് ലക്ഷം കടക്കുമ്പോഴും കഴിഞ്ഞ ഒരാഴ്ചക്കിടെ 180 ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസവാർത്തയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൂന്നാഴ്ചക്കിടെ 54 ജില്ലകളിൽ പുതുതായി ആരും രോഗബാധിതരായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. 80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്തു ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണെന്നും കണക്കുകൾ പറയുന്നു.

അതിനിടെ, രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു. തമിഴ്‌നാട്ടിലും കർണാടകത്തിലും ഇന്ന് മുതൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. അടിയന്തര ആവശ്യങ്ങളൊഴികെ സംസ്ഥാനാന്തര യാത്രകൾ വിലക്കി. 14 ദിവസത്തേക്കാണ് സമ്പൂർണ അടച്ചിടൽ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് 12 മണിവരെ തമിഴ്‌നാട്ടിൽ തുറന്ന് പ്രവർത്തിക്കും.

കർണ്ണാടകത്തിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ പത്ത് വരെ തുറക്കും.കേരള തമിഴ്‌നാട് കർണാടക അതിർത്തികളിൽ പരിശോധന കൂടുതൽ ശക്തമാക്കും. അതേസമയം ഉത്തരാഖണ്ഡിൽ നാളെ മുതൽ ഈ മാസം 18 വരെ കർഫ്യൂ ഏർപ്പെടുത്തി. ഉത്തർപ്രദേശിലെ നോയിഡയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഹിമാചൽ പ്രദേശിൽ തീവ്ര വ്യാപനം ഉള്ള ഇടങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾക്കു മൂന്ന് മണിക്കൂർ നേരം മാത്രമാണ് പ്രവർത്തനാനുമതി.