ലണ്ടൻ: ആശുപത്രി ചികിത്സ ആവശ്യമായി വരുന്നത്ര ഗുരുതരമായ കോവിഡ് ബാധയുള്ളവരിൽ വാതത്തിന് ഉപയോഗിക്കുന്ന ഒരു മരുന്ന് രോഗകാഠിന്യം കാര്യമായി കുറയ്ക്കാൻ സഹായകരമാകുന്നുവെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുകയാണ്. കോൾക്കിസൈൻ എന്ന ആന്റി ഇൻഫ്ളമേറ്ററി മരുന്നാണ് ഗുരുതരമായ രോഗികൾക്ക് തുണയായി എത്തുന്നത്. എകദേശം 4000 ത്തോളം പേരിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത്, ദിവസേന ഒരു ഡോസ് കോൾക്കിസൈൻ കഴിച്ച, ഗുരുതരമായ രോഗം ബാധിച്ചവരിൽ 25 ശതമാനത്തോളം പേർക്ക് കാര്യമായ ആശ്വാസം ലഭിച്ചു എന്നാണ്.

ഈ പഠനം നടത്തിയ കനേഡിയൻ ശാസ്ത്രജ്ഞർ പറയുന്നത്, ഈ പരീക്ഷണം ക്ലിനിക്കലി വിശ്വാസയോഗ്യമാണെന്നും, കോവിഡ് ചികിത്സയുടെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തും എന്നുമാണ്. അതേസമയം, ഈ പഠന റിപ്പോർട്ട് ആവേശം പകരുന്ന ഒന്നുതന്നെയാണെന്ന് സമ്മതിക്കുന്ന ആരോഗ്യ രംഗത്തെ പ്രമുഖർ ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെട്ടു.വെറും 30 പെൻസ് മാത്രം വിലയുള്ള ഈ മരുന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചികിത്സയുടെ ഭാഗമാക്കി പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിലും അനുകൂലഫലമായിരുന്നു കണ്ടത്.

കനേഡിയൻ ശാസ്ത്രജ്ഞരുടെ പഠനത്തിൽ വെളിവായത് മരണസാധ്യത 44 ശതമാനം വരെ കുറയ്ക്കാൻ ഈ മരുന്നിനായി എന്നാണ്. അതുപോലെ വെന്റിലേറ്റർ ഉപയോഗിക്കേണ്ടുന്ന സാഹചര്യം പകുതിയാക്കുവാനും സാധിച്ചു. എന്നാൽ, വളരെ കുറച്ചു രോഗികളിൽ മാത്രമാണ് ഈ പരീക്ഷണം നടത്താൻ കഴിഞ്ഞത് എന്നതിനാൽ ഈ കണക്കുകൾക്ക് എത്രമാത്രം വിശ്വസയോഗ്യതയുണ്ട് എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു. കാനഡ്, അമേരിക്ക, ബ്രസീൽ, ഗ്രീസ്, സ്പെയിൻ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ രോഗികളിലായിരുന്നു പഠനം നടത്തിയത്.

കൊറോണയെ തടയുന്ന തുള്ളിമരുന്ന്

മനുഷ്യശരീരത്തിലേക്ക് കൊറോണയെന്ന കുഞ്ഞൻ വൈറസ് പ്രവേശിക്കുന്നത് പ്രധാനമായും നാസാരന്ധ്രങ്ങളിൽ കൂടിയാണ്. ഇവിടെ വച്ചുതന്നെ അതിനെതടയാൻ കഴിഞ്ഞാൽ അത് രോഗവ്യാപനംചെറുക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തു. ഒരു കൂട്ടം ഗവേഷകർ ഇതിനായി ഒരു മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. മൂക്കിൽ ഒഴിക്കുന്ന ഒരിനം തുള്ളിമരുന്നാണിത്. കൊറോണയെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും, രണ്ടു ദിവസം വരെ അതിനെ തടുത്തു നിർത്താൻ ഇതിനു കഴിയും എന്നാണ് ഈ ഗവേഷകർ അവകാശപ്പെടുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് കടകളിൽ ലഭ്യമാകുമെന്നും അവർ അറിയിച്ചു.

ഔഷധ നിർമ്മാണത്തിന് നിലവിൽ അംഗീകാരമുള്ള ചേരുവകകളിൽ നിന്നാണ് ഈ തുള്ളി മരുന്ന് നിർമ്മിക്കുന്നത്. അതായത്, ഇത് വിപണിയിലിറക്കാൻ മറ്റ് അനുമതികളോ അംഗീകാരങ്ങളോ ആവശുയമില്ല. ബിർമ്മിങ്ഹാം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇനിയും പേരു നൽകാത്ത ഈ തുള്ളിമരുന്ന് വികസിപ്പിച്ചെടുത്തത്. സാമൂഹിക അകലം പാലിക്കൽ ചട്ടം നീക്കം ചെയ്യാൻ ഈ തുള്ളിമരുന്ന് സഹായിക്കും എന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയബ് ഡോ. റിച്ചാർഡ് മോക്ക്സ് പറഞ്ഞത്.

മൂക്കിനകത്തേക്ക് സ്പ്രേ ചെയ്യപ്പെടുമ്പോൾ ഇത് മൂക്കിനുള്ളിലെ വൈറസിനെ പിടിക്കുകയും അതിനെ പൊതിഞ്ഞ് നിഷ്‌ക്രിയമാക്കുകയും ചെയ്യും. അങ്ങനെ വൈറസ് നിരുപദ്രവകാരിയായി മാറും. ദിവസേന നാലുദിവസം ഈ സ്പ്രേ ഉപയോഗിച്ചാൽ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള സംരകഷണം ഉറപ്പാക്കാം എന്നാണ് ഇതിന് രൂപം നൽകിയ ശാസ്ത്രജ്ഞർ പറയുന്നത്. അതേസമയം 20 മിനിറ്റി ഒരിക്കൽ വച്ച് ഇത് ഉപയോഗിച്ചാലും മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും ഇവർ പറയുന്നു.