ചെന്നൈ: കോവിഡ് ബാധയെത്തുടർന്ന് ചെന്നൈ അരിനഗർ അണ്ണാ സുവോളജിക്കൽ പാർക്കിലെ രണ്ടാമത്തെ സിംഹവും ചത്തു. 12 വയസ്സ് പ്രായമുള്ള ആൺ സിംഹമാണ് ബുധനാഴ്ച ചത്തത്. രണ്ടാഴ്‌ച്ചക്കിടെ രണ്ടാമത്തെ സിംഹമാണ് ചെന്നൈ മൃഗശാലയിൽ കോവിഡ് ബാധിച്ച് ചാകുന്നത്. കോവിഡ് പോസിറ്റീവയതിനെ തുടർന്ന് സിംഹത്തിന് ചികിത്സ നൽകിയിരുന്നു.

ജൂൺ മൂന്നിനാണ് സിംഹത്തിന് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുന്നത്. അന്ന് തന്നെയാണ് ഒമ്പത് വയസ്സ് പ്രായമുണ്ടായിരുന്ന പെൺ സിംഹം ചത്തത്. മൃഗശാലയിലെ 14 സിംഹങ്ങളിൽ മൂന്നെണ്ണത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച മൂന്ന് സിംഹങ്ങളും ചികിത്സയോട് പതിയെയാണ് പ്രതികരിച്ചതെന്ന് അധികൃതർ പറഞ്ഞു. മൃഗശാലയിൽ കൂടുതൽ മൃഗങ്ങൾക്ക് രോഗം പകരാതിരിക്കാൻ നടപടി സ്വീകരിച്ചെന്നും അധികൃതർ വ്യക്തമാക്കി. മൃഗശാലയിലെ മുഴുവൻ ജീവനക്കാർക്കും വാക്സീൻ നൽകിയിരുന്നു.