ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് സജീവ രോഗികളുടെ എണ്ണം മെയ്‌ 11 15 ആകുമ്പോഴേക്കും 3335 ലക്ഷം ആകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ സജീവ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ന് 22.91 ലക്ഷമാണ് സജീവരോഗികൾ. ഐഐടി കാൺപുരിലെ മനീന്ദ്ര അഗ്രവാളും സംഘവുമാണ് ഈ മോഡൽ പ്രവചനത്തിനു പിന്നിൽ പ്രവർത്തിച്ചത്.

ഏപ്രിൽ 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഡൽഹി, ഹരിയാന, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പുതിയ കേസുകളിൽ വൻ വർധന കാണിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്.

മെയ്‌ 15 ദിവസങ്ങളിൽ ഒഡീഷ, കർണാടക, ബംഗാൾ സംസ്ഥാനങ്ങളിലും മെയ്‌ 610 ദിവസങ്ങളിൽ തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ കുതിപ്പ് കാണിക്കും. ഏപ്രിൽ 25ഓടുകൂടി മഹാരാഷ്ട്രയും ഛത്തിസ്ഗഢും ഈ സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ടാകുമെന്നും ബിഹാറും ഉടൻ എത്തുമെന്നുമാണ് നിഗമനം.

മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഗോവ സംസ്ഥാനങ്ങളെക്കൂടി ട്രാക്ക് ചെയ്തിട്ടുണ്ടെങ്കിലും അതു ഇപ്പോൾ ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടില്ല.

ആരോഗ്യ വിദഗ്ധരുടെ ഈ നിഗമനത്തെ മുന്നറിയിപ്പായി കണ്ട് രാജ്യം നയം രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആരോഗ്യ രംഗത്തെ സൗകര്യങ്ങൾ ഉൾപ്പെടെ സജ്ജമാക്കി തയാറായിരിക്കണമെന്നാണ് ആവശ്യം.

കോവിഡ് രണ്ടാം തരംഗത്തിന് കാരണമായത് സാർസ് കോവ്2 എന്ന വൈറസിന്റെ ബി.1.617 എന്ന വകഭേദമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മഹാരാഷ്ട്രയിൽ ഈ വൈറസ് വകഭേദം വ്യാപിച്ചതിനാൽ രാജ്യാന്തര ശാസ്ത്രജ്ഞന്മാർ വരെ ഇതേക്കുറിച്ചു പഠിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ വകഭേദം മഹാരാഷ്ട്രയിലെ അമരാവതിയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുകയും പിന്നീട് അടുത്തുള്ള ജില്ലകളിൽ ഫെബ്രുവരിയിൽ പടർന്നുപിടിക്കുകയും ആയിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂറേക്കൂടി പഠനം നടത്തിയാലേ സ്ഥിരീകരിക്കാനാകുകയുള്ളെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈ വൈറസ് വകഭേദം ഇന്ത്യയിൽത്തന്നെ ഉണ്ടായതാണെന്നാണ് രാജ്യാന്തര ശാസ്ത്രജ്ഞരുടെ വിശ്വാസം. അതിനാൽത്തന്നെ മഹാരാഷ്ട്രയിലെ വിദർഭ, നാഗ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗവേഷണത്തിനായി രാജ്യാന്തര ശാസ്ത്രജ്ഞരും വിദേശ മാധ്യമങ്ങളും എത്തുന്നു. ഇന്ത്യയിൽ കണ്ടെത്തിയ ഈ വൈറസ് വകഭേദം യുകെ, ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയതിൽനിന്നു വ്യത്യസ്തമാണെന്ന് സാംക്രമിക രോഗ വിദഗ്ധൻ ഡോ. നിതിൻ ഷിൻഡെ പറഞ്ഞു.

യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയിലേക്കു യാത്രാനിരോധനം ഏർപ്പെടുത്തിയതിനു പിന്നിൽ ബി.1.617 എന്ന വകഭേദമാണ്. ഈ വകഭേദം ഇന്ത്യയിൽ ഇപ്പോൾ കൂടുതലായി കാണുന്നു. ഫെബ്രുവരി രണ്ടാം ആഴ്ചയിലാണ് വിദർഭ മേഖലയിലെ അമരാവതി ജില്ലയിൽ കോവിഡിന്റെ രണ്ടാം തരംഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇഗ്ലോബൽ ഇനീഷ്യേറ്റീവിന്റെ ഡേറ്റ അനുസരിച്ച് ബി.1.617 എന്ന വകഭേദം 2020 ഡിസംബറിലാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവരുടെ കൈവശമുള്ള, ഏപ്രിൽ 3 വരെയുള്ള ഡേറ്റയിൽ ഇന്ത്യയിൽനിന്നു ശേഖരിച്ച 29% സാംപിളുകളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ്19 ഉപദേശക സംഘത്തിലുള്ള വിദർഭയിലെ ഉമാർഖേദിൽനിന്നുള്ള ഡോ. അതുൽ ഗവാൻഡെയും നിലവിലെ സാഹചര്യത്തിൽ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. ഈ വകഭേദം കൂടുതൽ മരണകാരണമാകുമോ, വാക്‌സീനുകൾ മികച്ചരീതിയിൽ ഫലപ്രദമാകുമോ തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോഴും അവ്യക്തതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബി.1.617 കാരണമല്ല രാജ്യത്ത് കേസുകൾ കൂടുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബി.1.617 വകഭേദമാണ് ഇത്രയധികം കോവിഡ് കേസുകൾ കൂടാൻ കാരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.