ന്യൂഡൽഹി: 50ശതമാനം ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടന്ന് സുപ്രീം കോടതിയുടെ പ്രവർത്തനം അവതാളത്തിൽ. സുപ്രീം കോടതിയിലെ പല സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ് ബാധിച്ചതിനാൽ ഇന്ന് അവരുടെ വസതികളിൽ നിന്ന് വാദം കേൾക്കും.

സുപ്രീംകോടതി ബെഞ്ചുകളിലെ എല്ലാ ജഡ്ജിമാരും അവരുടെ വസതികളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ ഒത്തുചേരുമെന്നും സുപ്രീം കോടതിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. കോടതി മുറികൾ ഉൾപ്പെടെ മുഴുവൻ കോടതി പരിസരങ്ങളും ശുചീകരിക്കുമെന്നും അറിയിപ്പിൽ പറഞ്ഞു.

അതേസമയം, രാജ്യത്ത് കോവിഡ് കണക്കുകൾ റെക്കോർഡ് വേഗത്തിൽ വർധിക്കുകയാണ്. ഞായറാഴ്ച 1,70,195 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം 1.56 ലക്ഷം പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഒറ്റ ദിവസം 11.6 ശതമാനം വർധനയാണ് കണക്കുകളിലുണ്ടായത്. ഒക്ടോബർ 10ന് ശേഷം ആദ്യമായി മരണസംഖ്യ 900 കടന്നു. ഇന്നലെ 903 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതത്.