തിരുവനന്തപുരം: കേരളത്തിൽ ഐസിഎംആറിന്റെ രണ്ടാംഘട്ട സെറോളജിക്കൽ സർവേ നാളെ തുടങ്ങും. എത്രപേർ കോവിഡ് പ്രതിരോധ ശേഷി നേടി എന്ന് അറിയാൻ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നായി ചുരുങ്ങിയത് 400 വീതം ആളുകളെയെങ്കിലും പരിശോധിക്കും.

കേരളത്തിൽ വലിയ തോതിൽ രോഗവ്യാപനം ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഇപ്പോൾ നടക്കുന്ന സർവേക്ക് വലിയ പ്രാധാന്യം അർഹക്കുന്നുണ്ട്. രണ്ടാംഘട്ട സെറോളജിക്കൽ സർവേയുടെ ഭാഗമായി 1200 മുതൽ 1800 വരെ ആളുകളെ പരിശോധിക്കാനാണ് ഐസിഎംആർ ലക്ഷ്യമിടുന്നത്. ഒന്നാംഘട്ട പരിശോധന നടന്ന 30 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. കോവിഡ് വ്യാപനത്തോതിനൊപ്പം എത്രപേർക്ക് അവരറിയാതെ കോവിഡ് 19 വന്നു ഭേദമായി എന്നും മനസ്സിലാക്കുകയാണ് സർവേ കൊണ്ട് ഉദ്ദേശിക്കുന്നത്.

നാളെ പാലക്കാടും ചൊവ്വാഴ്ച തൃശൂരും ബുധനാഴ്ച എറണാകുളത്തും സാമ്പിൾ ശേഖരണം നടക്കും. ഒരോ ജില്ലയിലെയും 10 സ്ഥലങ്ങളിലെ തിരഞ്ഞെടുത്ത വീടുകളിൽ നിന്നായി 10 വയസ്സിനുമുകളിൽ നിന്നുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് ഐസിഎംആറും ആരോഗ്യവകുപ്പും അറിയിച്ചിരിക്കുന്നത്. ഒരു ജില്ലയിൽ നിന്ന് കുറഞ്ഞത് 200 സാമ്പിളുകളാണ് എടുക്കുക. 20 പേരാണ് ഐസിഎംആർ സംഘത്തിലുള്ളത്.

മെയ് മാസത്തിലാണ് സർവേയുടെ ഒന്നാംഘട്ടം കേരളത്തിൽ നടന്നത്. അന്ന് 1193 പേരെ പരിശോധിച്ചതിൽ എറണാകുളത്ത് നാലുപേർക്ക് രോഗം വന്നുമാറിയതായി കണ്ടെത്തിയിരുന്നു.