തിരുവനന്തപുരം: സംസ്ഥാനത്തോ കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത കൂടി. കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകളുമായി കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുകയാണ്. ഏറെ ദിവസങ്ങൾക്കു ശേഷം ഇന്നെല ടിപിആർ ആറിനു മുകളിലെത്തി (6.2). 45,171 സാംപിളുകളാണു പരിശോധിച്ചത്. ഇന്നലെ 2,802 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

പോസിറ്റീവ് ആയവരിൽ 132 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 2446 പേർക്ക് സമ്പർക്കം വഴി. 208 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 10 മരണങ്ങൾ കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 4656. 2173 പേരുടെ ഫലം നെഗറ്റീവ് ആയി. കോവിഡ് രണ്ടാംതരംഗത്തിനെതിരെ കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാറും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കണ്ണൂർ അടക്കം ആറ് ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്.

രോഗവ്യാപനം തീവ്രമായ കണ്ണൂരിൽ കോവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിങ് ദിവസം കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. രോഗവ്യാപനം മെയ് അവസാനം വരെ വെല്ലുവിളി ഉയർത്തുമെന്നും , 35വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ അവസാനവാരമോ, മെയ് ആദ്യം മുതലോ വാക്‌സീൻ നൽകിതുടങ്ങുമെന്നും ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദൗത്യസംഘത്തിലെ ഡോ. സുനീല ഗാർഗ് വ്യക്തമാക്കി.

രണ്ടാം തരംഗം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഡോ സുനീല ഗാർഗ് പറഞ്ഞു. കഴിഞ്ഞ തവണത്തെപോലെ കേസുകൾ ഉയരുന്നു. മഹാരാഷ്ട്ര, കേരളം, കർണ്ണാടകം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കൂടുകയാണ്. ഓണത്തിന് ശേഷം കേരളം വലിയ വെല്ലുവിളി നേരിടുകയാണ്. ഏറ്റവും നന്നായി പ്രതിരോധിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ, രോഗം മാറിയെന്ന് ആളുകൾ ധരിച്ചതോടെ പ്രതിരോധം പാളി. വാക്‌സിനോട് ആളുകൾ വിമുഖതയും കാണിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ആളുകൾ മാത്രമല്ല നിയന്ത്രണത്തിൽ ഭരണകൂടങ്ങൾക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും സുനീല ഗാർഗ് പറഞ്ഞു.

കേരളത്തിൽ എറണാകുളം, കാസർകോട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നീ ജില്ലകളിൽ രോഗബാധ തീവ്രമാണ്. കണ്ണൂരിൽ കൂടുതൽ പേർ രോഗബാധിതരാകുന്നു. തെരഞ്ഞെടുപ്പിന് ശേഷം രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വോട്ടിങ് ദിനത്തിൽ ഏറെ ശ്രദ്ധിക്കണമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നൽകുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതിനോടകം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പോളിങ് ബൂത്തുകളിൽ സാമൂഹിക അകലം പാലിക്കാൻ വൃത്തങ്ങൾ വരച്ചിടണം, സാനിട്ടൈസർ, മാസ്‌ക് ഇതെല്ലാം ഉറപ്പ് വരുത്തണമെന്നും സംഘം മുന്നറിയിപ്പ് നൽകുന്നു.

ഇനിയും ലോക്ക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് ഡോ. സുനീല ഗാർഗ് വ്യക്തമാക്കി. സാമ്പത്തിക മേഖലക്ക് അത് തിരിച്ചടിയാകും. മാത്രമല്ല അത് ജനങ്ങളിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വൈറസ് നമുക്ക് ചുറ്റുമുണ്ടെന്ന് കരുതി ജാഗ്രതയോടെ മുൻപോട്ട് പോകുകാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിനഞ്ച് ഇരുപത് ദിവത്തിനുള്ളിൽ തരംഗം സാധാരണതാഴേണ്ടതാണ്. മെയ് അവസാനം വരെ വെല്ലുവിളി തുടരാമെന്നും സുനീല ഗാർഗ് അറിയിച്ചു. നാൽപത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഉടൻ അവസാനിക്കും. തൊട്ടു പിന്നാലെ 35 വയസിന് മുകളിലുള്ളവർക്കും, പതിനെട്ട് വയസിന് മുകളിലുള്ളവർക്കും നൽകും. അതോടെ ജനസംഖ്യയുടെ 60 ശതമാനത്തിനും വാക്‌സീൻ കിട്ടും. അതിന് പുറകെ കുട്ടികൾക്കും നൽകും. 35 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഏപ്രിൽ അവസാനവാരമോ മെയ് അദ്യമോ തുടങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.