ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ നി്ന്നും രാജ്യതലസ്ഥാനം കരകയറുന്നു. കഴിഞ്ഞ 24 മണിക്കൂനിടെ ഡൽഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനം. ഏപ്രിൽ നാലിനു ശേഷം ഇതാദ്യമായാണ് ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിനു താഴെ എത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,009 പേർക്കാണ് രാജ്യതലസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ ഒന്നിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 252 മരണം കൂടി സ്ഥിരീകരിച്ചിട്ടുമുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ളയിടത്തെ സുരക്ഷിത മേഖല എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ പശ്ചാത്തലത്തിൽ ലോക്ഡൗൺ പിൻവലിക്കണമെന്ന ആവശ്യം ഉയരാൻ ഇടയുണ്ട്.

സജീവ കേസുകളുടെ എണ്ണം മുപ്പത്താറായിരത്തിന് താഴെയെത്തിയിട്ടുണ്ട്. നിലവിൽ 35,683 സജീവ കേസുകളാണ് ഡൽഹിയിലുള്ളത്. ഏപ്രിൽ 11-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 95.85 ശതമാനമാണ് രോഗമുക്തി നിരക്ക്.

ഇതുവരെ 14,12,959 പേരാണ് ഡൽഹിയിൽ കോവിഡിൽനിന്ന് മുക്തി നേടിയിട്ടുള്ളത്. അതേസമയം 22,831 പേർക്ക് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. കോവിഡിന്റെ രണ്ടാംതരംഗം ഡൽഹിയെ അതിരൂക്ഷമായി ബാധിച്ചിരുന്നു. മെഡിക്കൽ ഓക്സിജന്റെയും ജീവൻരക്ഷാമരുന്നുകളുടെയും വലിയതോതിലുള്ള ക്ഷാമവും നേരിട്ടിരുന്നു.