യുണെറ്റഡ് നേഷൻസ്: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറ്റവും ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയർന്നു നിൽക്കുന്നത് ഭീതിജനകമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നയിപ്പു നൽകി.

കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരക്കണക്കിന് ഓക്‌സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്‌ക്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഡബ്ല്യു.എച്ച്.ഒ. ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ടെഡ്രോസ് അഥനോം വ്യക്തമാക്കി.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയിൽ മാത്രമായി പരിമതിപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. നേപ്പാൾ, ശ്രീലങ്ക, വിയറ്റ്‌നാം, കംമ്പോഡിയ, തായ്‌ലാൻഡ്, ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതിയ കോവിഡ് കേസുകളും മരണങ്ങളും വർധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമായ കോവിഡ് രണ്ടാം മഹാമാരിയെയാണ് നമ്മൾ നേരിടുന്നത്.വാക്‌സിൻ വിതരണം പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ആളുകളുടെ ജീവൻ രക്ഷിച്ച് കോവിഡിനെ മറികടക്കാൻ പൊതുജനാരോഗ്യ നടപടികൾക്കൊപ്പം വാക്‌സിനേഷൻ മാത്രമാണ് ഒരേയൊരു വഴിയെന്നും ടെഡ്രോസ് അഥനോം വ്യക്തമാക്കി.

അതിനിടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് കുവൈത്തിന്റെ സഹായം എത്തിയിരുന്നു. 100 മെട്രിക്ക് ടണ്ണിലേറെ ഓക്‌സിജൻ നാവികസേനയുടെ കപ്പലുകളിലാണ് മംഗളൂരു തുറമുഖത്ത് എത്തിയത്. ഓക്‌സിജൻ ക്ഷാമത്തിൽ വലയുന്ന ഇന്ത്യക്കാണ് കുവൈത്ത് സഹായം നൽകിയത്.

നാവിക സേനയുടെ ഐ.എൻ.എസ്. കൊച്ചി, ഐ.എൻ.എസ്. ടബാർ എന്നീ കപ്പലുകളിലാണ് ഓക്‌സിജൻ മംഗളൂരുവിൽ എത്തിയത്. കൊച്ചിയിൽ 20 മെട്രിക് ടൺ വീതമുള്ള മൂന്ന് കണ്ടെയ്‌നറുകളും സിലിണ്ടറുകളിൽ 40 ടൺ ഓക്‌സിജനുമാണ് എത്തിയത്. കൂടാതെ 10 ലീറ്ററിന്റെ ഹൈ ഫ്‌ളോ ഓക്‌സിജൻ കോൺസൻട്രേറ്റർ രണ്ടെണ്ണവും എത്തി. ഐ.എൻ.എസ്. ടബാറിൽ 20 മെട്രിക് ടൺ വീതമുള്ള രണ്ട് കണ്ടെയ്‌നറുകളും അടിയന്തിര ഉപയോഗത്തിന് സിലിണ്ടറിൽ 30 ടൺ ഓക്‌സിജനുമാണ് എത്തിച്ചത്. കുവൈത്ത് സർക്കാർ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് സഹായം നൽകിയത്.