ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾ കോവിഡ് വാക്സിൻ എടുത്തോ എന്ന ബിജെപിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി പാർട്ടി നേതൃത്വം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയും വാക്സിൻ എടുത്തു. അടുത്തിടെ കോവിഡ് മുക്തനായ രാഹുൽ ഗാന്ധി ഡോക്ടർമാരുടെ ഉപദേശപ്രകാരം വാക്സിൻ എടുക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.

സോണിയ രണ്ട് ഡോസ് വാക്സിനുമെടുത്തു. പ്രിയങ്ക ആദ്യ ഡോസ് മാത്രമേ എടുത്തിട്ടുള്ളൂ. ബിജെപി നേതാക്കൾ പ്രതിപക്ഷത്തെ ചോദ്യം ചെയ്യുന്നതിന് പകരം രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. രാഹുൽ ഗാന്ധി ഏപ്രിൽ 16 ന് വാക്സിൻ കുത്തിവെപ്പെടുക്കാൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ അന്ന് അതിന് കഴിഞ്ഞില്ലെന്നും സുർജേവാല വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് വാക്സിനേഷനെപ്പറ്റി രാഹുൽ ഗാന്ധി പലതവണ വിമർശം ഉന്നയിച്ചിരുന്നു. വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്ന എല്ലാവർക്കും കുത്തിവെപ്പ് എടുക്കാൻ സൗകര്യം ഉണ്ടാകമമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും രാജ്യത്ത് ജീവിക്കാൻ അവകാശമുണ്ട്. നിലവിലെ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം അപര്യാപ്തമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിനേഷനെപ്പറ്റി നിരന്തരം വിമർശം ഉന്നയിക്കുന്നതിനിടെയാണ് രാഹുൽ വാക്സിൻ എടുത്തോ എന്ന ചോദ്യം ബിജെപി നേതാക്കളിൽനിന്ന് ഉയർന്നത്.