ന്യൂഡൽഹി: രാജ്യം സൗജന്യ വാക്‌സിനേഷനിലേക്ക് കടക്കുമ്പോൾ സാമ്പത്തികമായി ബാധ്യതകൾ ബാധിക്കുമോ എന്ന ആശങ്കയും ശക്തമായിരുന്നു. എന്നാൽ പണമുണ്ടെന്നാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വ്യക്തമാക്കുന്നത്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്ക് 50,000 കോടിയോളം രൂപ ചെലവ് വരുമെന്ന് കേന്ദ്രസർക്കാർ. ഇതിനാവശ്യമായ പണം കൈവശമുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ആവശ്യത്തിന് പണമുള്ളതിനാൽ സൗജന്യ വാക്‌സിനേഷനായി ഉടൻ സപ്ലിമെന്ററി ഗ്രാന്റുകൾ തേടേണ്ടതില്ല. രണ്ടാം റൗണ്ടിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടനുബന്ധിച്ച് സപ്ലിമെന്ററി ഗ്രാന്റുകൾ ആവശ്യമായി വന്നേക്കും. വാക്‌സിൻ നൽകാൻ നിലവിൽ പണമുണ്ടെന്നും ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

വാക്‌സിനേഷൻ പൂർത്തീകരിക്കാൻ വിദേശ വാക്‌സിനുകളെ ആശ്രയിക്കേണ്ടി വരില്ല. ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവയുടെ വാക്‌സിനുകളിലൂടെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ സാധിക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഫൈസർ, മൊഡേണ വാക്‌സിനുകൾ ഇന്ത്യയിലെത്തിക്കാനുള്ള ചർച്ചകൾ കമ്പനിയുടെ ചില നിബന്ധനകൾ കാരണം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം അടുത്ത വർഷം ജനുവരി വരെ വാക്‌സിൻ ഇന്ത്യയിലെത്തിക്കാൻ മൊഡേണയ്ക്ക് പദ്ധതിയില്ലെന്നും കേന്ദ്രം സൂചിപ്പിച്ചു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോളജിക്കൽ-ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്‌സിൻ ഓർഡർ നൽകിയിട്ടുണ്ടെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. ഇതിനായി 1500 കോടി രൂപ മുൻകൂറായി നൽകിയിട്ടുണ്ട്. കോവാക്‌സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമേ സ്പുട്‌നിക് V വാക്‌സിനും ഇന്ത്യയിൽ അനുമതിയുണ്ട്. അതേസമയം വലിയ അളവിൽ സ്പുട്‌നിക് വാക്‌സിൻ ലഭ്യമാകില്ലെന്നും ഇതിന്റെ സംഭരണം ആരംഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം സംസ്ഥാനങ്ങളിലെ ജനസംഖ്യയും രോഗികളുടെ എണ്ണവും കണക്കാക്കിയായിരിക്കും പുതുക്കിയ നയപ്രകാരം കോവിഡ് വാക്സിൻ വിതരണമെന്നാണ് കേന്ദ്രസർക്കാർ അറയിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും കോവിഡ് വാക്സിൻ സൗജന്യമാക്കി ജൂൺ 21 മുതൽ പുതിയ വാക്സിൻ നയം നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പുറത്തിറക്കിയ പുതിയ മാർഗ്ഗ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്ത് നിർമ്മിക്കുന്ന വാക്സിനുകളുടെ 75 ശതമാനവും ഇനിമുതൽ കേന്ദ്ര സർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും. ഇവ ജനസംഖ്യ, രോഗ ബാധയുടെ കാഠിന്യം എന്നിവ പരിഗണിച്ചായിരിക്കും വിതരണം ചെയ്യുക. വാക്സിൻ പാഴാക്കുന്നത് അനുവദിക്കുന്നതിനെ ബാധിക്കുമെന്നും പുതിയ മാർഗ്ഗ നിർദ്ദേശം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കേന്ദ്രം ഏറ്റെടുക്കുന്ന വാക്സിന് ശേഷം വരുന്ന ഡോസുകൾ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാമെന്നായിരുന്നു പ്രധാനമന്ത്രി നടത്തിയ മറ്റൊരു പ്രഖ്യാപനം. ഇത്തരം ഡോസുകൾക്ക് സർവീസ് ചാർജ്ജായി 150 രൂപമാത്രമായിരിക്കണം ഈടാക്കേണ്ടത്. എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് അനുവദിക്കുന്ന വാക്സിന്റെ വില കമ്പനികൾക്ക് നിശ്ചയിക്കാമെന്നും പുതിയ മാർഗ്ഗ നിർദ്ദേശം വ്യക്തമാക്കുന്നു.

പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ജൂൺ 21 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വാക്‌സിനുകൾ ഉൾപ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.