തിരുവനന്തപുരം: സംസ്ഥാനത്ത് ഈമാസം 16 മുതലുള്ള കോവിഡ് വാക്സീൻ കുത്തിവയ്പിന് ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്. വാക്‌സീൻ വിതരണ കേന്ദ്രങ്ങളുടെ അന്തിമ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. ജില്ലാതല ചുമതല കലക്ടർമാർക്കാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലയിലും കൺട്രോൾ റൂം തുടങ്ങും. കോൾഡ് സ്റ്റോറേജ് ശൃംഖല പൂർണസജ്ജമാണ്. രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർ 3.58 ലക്ഷമായി.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സീൻ നൽകില്ല. കോവിഡ് ലക്ഷണങ്ങളുള്ളവരെ ഒഴിവാക്കും. ഇതിനായി വാക്‌സീൻ കേന്ദ്രത്തിന്റെ കവാടത്തിൽ തന്നെ പരിശോധന നടത്തും. കോവിഡ് ബാധിച്ചവർക്കു നെഗറ്റീവ് ആയി 4 ആഴ്ചയ്ക്കു ശേഷമേ വാക്‌സീൻ നൽകൂ. ആദ്യഘട്ടത്തിൽ 133 വിതരണ കേന്ദ്രങ്ങളുണ്ടാവും. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഉൾപ്പെടുത്താനും മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

സർക്കാർ മേഖലയിലെ അലോപ്പതി, ആയുഷ്, സ്വകാര്യ ആശുപത്രികളുൾപ്പെടെ എല്ലാത്തരം സ്ഥാപനങ്ങളെയും വിതരണ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തും. കളക്ടർമാർക്കാണ് വാക്‌സിനേഷന്റെ ചുമതല. ജില്ലകളിൽ ഏകോപനത്തിന് കൺട്രോൾ റൂം തുടങ്ങും. പ്രതിരോധമരുന്ന് സ്വീകരിക്കാൻ 3,58,574 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,68,685 പേരും സ്വകാര്യ മേഖലയിലെ 1,89,889 പേരും.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്ദീപ് എന്നിവരും വിവിധ ജില്ലകളിൽനിന്ന് ഉദ്യോഗസ്ഥരും ഓൺലൈനായി നടന്ന യോഗത്തിൽ പങ്കെടുത്തു.

ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം

രാജ്യത്ത് 16 മുതലുള്ള കോവിഡ് വാക്‌സീൻ കുത്തിവയ്പ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന സുപ്രധാന വിഡിയോ യോഗം ഇന്നു വൈകിട്ടു നാലിന്. സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പ് മുഖ്യമന്ത്രിമാർ വിശദീകരിക്കും.

എല്ലാവർക്കും വാക്‌സീൻ സൗജന്യമായി നൽകണമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. സമാന ആവശ്യം മറ്റു മുഖ്യമന്ത്രിമാരും ഉന്നയിച്ചേക്കും. ബംഗാളിൽ എല്ലാവർക്കും സൗജന്യമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിട്ടുണ്ട്. ഒരു കോടി ആരോഗ്യപ്രവർത്തകർക്കും 2 കോടി കോവിഡ് മുന്നണിപ്പോരാളികൾക്കും സൗജന്യ വാക്‌സീൻ നൽകുമെന്നു മാത്രമാണു കേന്ദ്ര സർക്കാർ നിലവിൽ അറിയിച്ചിട്ടുള്ളത്. വാക്‌സീൻ വാങ്ങാൻ തുടക്കത്തിൽ പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിൽ നിന്നു തുക കണ്ടെത്തുമെന്നാണു വിവരം.

അതിനിടെ കോവിഡ് വാക്‌സീൻ വിതരണം 16 മുതൽ തുടങ്ങുന്നതിനാൽ 17നു നിശ്ചയിച്ചിരുന്ന പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം മാറ്റിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേന്ദ്ര നിർദേശപ്രകാരമാണു നടപടി. പുതിയ തീയതി പിന്നീട് തീരുമാനിക്കും.