വാഷിങ്ടൺ: ലോകത്ത് ആശങ്ക പടർത്തി കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നതിനിടെ വാക്‌സിനേഷൻ തുടരേണ്ടി വരുമെന്ന വെളിപ്പെടുത്തലുമായി ഫൈസർ. കോവിഡ് വാക്‌സിൻ എല്ലാവർഷവും എടുക്കേണ്ടിവരുമെന്നാണ് വാക്സിൻ നിർമ്മാതാക്കളായ ഫൈസർ പറയുന്നത്.

കോവിഡിനെ നേരിടുന്നതിന് ഇനിമുതൽ വർഷം തോറും വാക്‌സിൻ എടുക്കേണ്ടി വന്നേക്കുമെന്നാണ് ഫൈസർ മേധാവി ഡോ ആൽബർട്ട് ബൗർല സൂചിപ്പിച്ചത്. എല്ലാ വർഷവും വാക്‌സിൻ സ്വീകരിച്ചാൽ കോവിഡ് വൈറസിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം വർഷം തോറും പുതിയ വാക്‌സിൻ നിർമ്മിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ ഡോ ആൽബർട്ട് ബൗർല വ്യക്തത നൽകിയില്ല. നിലവിൽ ലോകത്ത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ വൈറസിനെതിരായ വാക്‌സിൻ നിർമ്മാണത്തിനുള്ള നടപടികൾ ഫൈസർ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈസറിന്റെ വാദം ശരിവെച്ച് അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയും രംഗത്തെത്തി. എല്ലാ വർഷവും വാക്സിനേഷൻ സ്വീകരിക്കാൻ അമേരിക്കക്കാർ തയ്യാറാകേണ്ടതുണ്ടെന്ന് ഫൗസി മുന്നറിയിപ്പ് നൽകി.

'ഇതുവരെ മനസിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, വാർഷിക വാക്‌സിനേഷൻ വേണമെന്ന് ഞാൻ പറയും. വളരെ ശക്തവും ഉയർന്ന തലത്തിലുള്ളതുമായ സംരക്ഷണം നിലനിർത്താൻ ഇത് ആവശ്യമായി വരാം. - അദ്ദേഹം പറഞ്ഞു. വാർഷിക വാക്സിനേഷനുകൾ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പറഞ്ഞ ആൽബർട്ട് ബുർല, കമ്പനി ഒമിക്രോണിനെതിരായ വാക്സിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങളിലാണെന്നും പറഞ്ഞു.

ഒക്ടോബറിൽ അഞ്ച് മുതൽ 11 വരെ പ്രായപരിധിയിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകിയുരുന്നു. യുകെയിയും യൂറോപ്പിയും ഈ പ്രായപരിധിയിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുന്നത് വളരെ നല്ല ആശയമാണെന്ന് ഡോ. ബുർല പറഞ്ഞു. സ്‌കൂളുകളിൽ കോവിഡ് പടരുന്നുണ്ട്. ഇത് അലോസരപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് അണുബാധയിൽ നിന്ന് പരിരക്ഷ ലഭിക്കുന്നതിനായി എല്ലാ വർഷവും വാക്സിനേഷൻ സ്വീകരിക്കാൻ അമേരിക്കക്കാർ തയ്യാറാകേണ്ടതുണ്ടെന്ന് അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി മുന്നറിയിപ്പ് നൽകി. ഒരു വാർഷിക ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോ എന്ന് ഇപ്പോൾ പറയുന്നത് വളരെ നേരത്തേയാകും. എന്നാൽ ബൂസ്റ്റർ ഡോസ് കൊണ്ട് പ്രതിരോധ ശേഷി നിലനിൽക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കാത്തിരുന്ന് കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ അഞ്ച് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഫൈസർ വാക്‌സിന് അമേരിക്ക അംഗീകാരം നൽകിയിരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും മാസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണെന്നും കുട്ടികളുടെ ഭാവിയാണ് ഇതിലൂടെ അപകടത്തിലാകുന്നതെന്നും ബൗർല പറഞ്ഞു.

യൂറോപ്പിലെ അയർലൻഡ് അടക്കമുള്ള ചില രാജ്യങ്ങൾ 60 വയസിന് മുകളിലുള്ളവരോട് ബൂസ്റ്റർ ഡോസ് എടുക്കാൻ ഇതിനോടകം അവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ദക്ഷിണ ആഫ്രിക്കയിലെ പുതിയ കോവിഡ് കേസുകൾ ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായതായി അധികൃതർ അറിയിച്ചു.

50 വയസിന് മുകളിലുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ള 16 വയസിന് മുകളിലുള്ളവരും ബൂസ്റ്റർ വാക്സിൻ ഉപയോഗിക്കണമെന്ന് അയർലണ്ടിലെ ദേശീയ പ്രതിരോധ കുത്തിവയ്‌പ്പ് ഉപദേശക സമിതിയും ശുപാർശ ചെയ്തിട്ടുണ്ട്. അടുത്ത രണ്ട് വർത്തേക്ക് ബൂസ്റ്റർ ഡോസുകൾ നൽകാനായി വാക്സിനുകൾ ശേഖരിക്കുമെന്ന് യുകെയും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വാക്‌സിനേഷൻ ആദ്യ ഘട്ടത്തിൽ രണ്ട് ഡോസ് എന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ പിന്നീട് ബൂസ്റ്റർ ഡോസ് ആവശ്യമെന്ന് നിർമ്മാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ബൂസ്റ്റർ ഡോസ് തുടരേണ്ട സാഹചര്യമാണ് വാക്‌സിൻ നിർമ്മാതാക്കളായ ഫൈസർ വ്യക്തമാക്കുന്നത്.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ ആഫ്രിക്കയിൽ ഇത് കേസുകളുടെ വൻ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം 4373 കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഒറ്റ ദിവസം കൊണ്ട് ഇത് 8561 കേസുകളായാണ് വർദ്ധിച്ചത്. ഇതോടെ ദക്ഷിണ ആഫ്രിക്കയിൽ കോവിഡ് കേസുകളുടെ വൻ വർദ്ധനയുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.