ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനിൽ രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കോവിഡ് വാക്‌സിൻ ആദ്യ ഡോസിൽ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് ദേശീയ കോവിഡ് വാക്‌സിനേഷൻ വിദഗ്ധ സമിതി.

വ്യത്യസ്ത വാക്‌സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ വാക്‌സിൻ നൽകുന്ന കാര്യം പരിഗണനയിലാണെന്നും വാക്‌സിനേഷൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ വികെ പോൾ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 20ഓളം ഗ്രാമവാസികൾക്ക് രണ്ടാമത്തെ ഡോസ് വാക്‌സിൻ മാറിനൽകിയ വിവാദ സംഭവത്തിന് പിന്നാലെയാണ് ഡോ വികെ പോളിന്റെ പ്രതികരണം. രണ്ട് വ്യത്യസ്ത ഡോസുകൾ നൽകുന്നതിൽ കൂടുതൽ ശാസ്ത്രീയ വിലയിരുത്തലുകളും പരിശോധനയും ആവശ്യമാണ്. എന്നാൽ രണ്ട് തവണയായി രണ്ട് വ്യത്യസ്ത വാക്‌സിനുകൾ സ്വീകരിക്കുന്നതിൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ്‌ 14നാണ് ആദ്യ ഡോസായി കോവിഷീൽഡ് സ്വീകരിച്ച യുപിയിലെ 20 ഗ്രാമവാസികൾക്ക് രണ്ടാമത്തെ ഡോസായി കോവാക്‌സിൻ മാറിനൽകിയത്. അതേസമയം വാക്‌സിനുകൾ കൂടികലർത്തി നൽകാനുള്ള ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും ഇത് ആരോഗ്യപ്രവർത്തകരുടെ വീഴ്ചയാണെന്നും സിദ്ധാർഥ് നഗർ ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ സന്ദീപ് ചൗധരി വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ട് വ്യത്യസ്ത കോവിഡ് വാക്‌സിനുകൾ കലർത്തി നൽകുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ആഗോളതലത്തിൽ ഗവേഷണങ്ങൾ നടന്നുവരുകയാണ്.

രാജ്യത്ത് പ്രതിദിനം ഒരുകോടി ഡോസ് വാക്‌സിനുകൾ നൽകാൻ ലക്ഷ്യമിട്ട് നാല് കോവിഡ് വാക്‌സിനുകൾകൂടി പുതിയതായി ലഭ്യമാക്കുമെന്നും നീതി ആയോഗ് അംഗം കൂടിയായ ഡോ. വി.കെ പോൾ പറഞ്ഞു.

വാക്‌സിൻ വിതരണം നിർത്തിവച്ചുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി. ഇത്തരം പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. പ്രതിദിനം ഒരു കോടി ഡോസ് വാക്‌സിനുകൾ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.

ശരിയായ മുന്നൊരുക്കങ്ങൾ നടത്തിയാൽ ഏതാനും ആഴ്ചകൾകൊണ്ട് അത് സാധ്യമായേക്കും. 43 ലക്ഷം ഡോസുകൾ ഒരു ദിവസം ലഭ്യമാക്കുകയെന്ന ലക്ഷ്യം വിജയിച്ചു. വരുന്ന മൂന്ന് ആഴ്ചകൾക്കകം 73 ലക്ഷം ഡോസുകൾ പ്രതിദിനം ലഭ്യമാക്കാൻ കഴിയും.

നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 25 ശതമാനവും സംസ്ഥാനങ്ങളാണ് സംഭരിക്കുന്നത്. രാജ്യത്തെ വാക്‌സിൻ ഉത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പ്രതിദിനം ഒരുകോടി വാക്‌സിനുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 50 ശതമാനവും കേന്ദ്ര സർക്കാരാണ് സംഭരിക്കുന്നത്. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുവേണ്ടി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാനാണിത്. അവശേഷിക്കുന്ന 50 ശതമാനം സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ മേഖലയ്ക്കും വാങ്ങാം. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്‌സിനുകൾ ഏത് വിഭാഗത്തിന് നൽകണം എന്നകാര്യം സംസ്ഥാനങ്ങൾക്കുതന്നെ തീരുമാനിക്കാം.

കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന വിഷയത്തിൽ ഫൈസറുമായി ബന്ധപ്പെട്ടു വരികയാണ്. തീരുമാനം ഉടൻ ഉണ്ടാവും. ഒരു വാക്‌സിൻ കണ്ടെത്തിക്കഴിഞ്ഞാൽ അത് മുതിർന്നവർക്കാവും ആദ്യം നൽകുക. കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണ്ടതിനാലാണിത്. എന്നാൽ ഫൈസർ വാക്‌സിൻ കുട്ടികൾക്കും നൽകാമെന്നാണ് അടുത്തിടെ കണ്ടെത്തിയിട്ടുള്ളത്. ഓന്നോ രണ്ടോ രാജ്യങ്ങൾ കുട്ടികൾക്ക് വാക്‌സിൻ കുത്തിവെപ്പ് തുടങ്ങിക്കഴിഞ്ഞു.

എന്നാൽ ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല. കുട്ടികളിലുള്ള പരീക്ഷണത്തിന് കോവാക്‌സിനും അനുമതി ലഭിച്ചിട്ടുണ്ട്. നോവാവാക്‌സ് കുട്ടികളിൽ പരീക്ഷണം നടത്തുന്നസിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് പദ്ധതിയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഡോ. വി.കെ പോൾ പറഞ്ഞു.