ലഖ്നൗ: 18 വയസു കഴിഞ്ഞവർക്കും കോവിഡ് വാക്‌സിൻ സൗജന്യമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്. മെയ്‌ ഒന്ന് മുതൽ രാജ്യത്തെ 18 വയസിന് മേൽ പ്രായമുള്ള എല്ലാവർക്കും കോവിഡ്-19 വാക്സിൻ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെയാണ് യുപി സർക്കാർ നിർണായക തീരുമാനം കൈക്കൊണ്ടത്.

ഉത്തർപ്രദേശിലെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും ഈ പോരാട്ടത്തിൽ കൊറോണവൈറസ് പരാജയപ്പെടുമെന്നും അന്തിമവിജയം ഇന്ത്യയ്ക്കായിരിക്കുമെന്നും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 20 കോടിയോളം ജനങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇവിടുത്തെ വാക്‌സിനേഷൻ ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ പദ്ധതിയായിരിക്കും.

വാക്സിൻ വിതരണം ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനും മുഖ്യമന്തി നിർദ്ദേശം നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിമുതൽ തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെയാണ് ലോക്ഡൗൺ. കൂടാതെ അവശ്യസർവീസുകളൊഴികെയുള്ള ഗതാഗതം വിലക്കിക്കൊണ്ട് നൈറ്റ് കർഫ്യൂവിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം സജീവരോഗികളുള്ള ഉത്തർപ്രദേശ് ഇന്ത്യയിൽ കോവിഡ് ഗുരുതരമായി ബാധിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച മുപ്പതിനായിരത്തോളം പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ചികിത്സാസൗകര്യം ലഭിക്കാതെ രോഗികൾ വലയുന്ന സാഹചര്യവും നിലവിലുണ്ട്.

പതിനെട്ട് മുതൽ നാൽപത്തിയഞ്ച് വയസ് വരെ പ്രായമുള്ളവർക്ക് വാക്സിൻ സൗജന്യമാക്കി കൊണ്ട് നേരത്തെ അസം സംസ്ഥാനവും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു.