തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സീൻ ക്ഷാമത്തിന് പരിഹാരമായി. 48,960 ഡോസ് വാക്സിനുകൾ കൂടികേരളത്തിൽ എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സീനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സീനുകളും കോഴിക്കോട് 13,120 ഡോസ് വാക്‌സീനുകളുമാണ് എത്തിയത്. കൂടുതൽ ഡോസ് വാക്‌സീനുകൾ അടുത്ത ദിവസങ്ങളിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സീനേഷൻ സാധ്യമാകുന്നതാണ്.

സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേർ വാക്‌സീൻ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യപ്രവർത്തകർ ഒരു ഡോസ് വാക്‌സീൻ സ്വീകരിച്ചു. ഇതിൽ 1,86,421 ആരോഗ്യ പ്രവർത്തകർ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചു. 98,287 മുന്നണി പോരാളികൾക്കും 2,15,297 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും 1,53,578 അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റസുഖമുള്ളവർക്കും വാക്‌സീൻ നൽകിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരുടെ രണ്ടാം ഡോസ് വാക്‌സീനേഷൻ ഈ മാസം അവസാനത്തിൽ കഴിയുന്നതോടെ ആ സ്ഥാനത്ത് കൂടുതൽ 60 വയസ് കഴിഞ്ഞവർക്കും മറ്റ് അ സുഖങ്ങളുള്ള 45 വയസ് കഴിഞ്ഞവർക്കും വാക്‌സീൻ എടുക്കാൻ സാധിക്കുന്നതാണ്. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാക്കുന്നതാണ്.

വാക്‌സീനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ടതില്ല. കോവിൻ വൈബ് സൈറ്റിലോ ആശുപത്രിയിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാവുന്നതാണ്.മുൻഗണനാക്രമമനുസരിച്ച് എല്ലാവർക്കും തൊട്ടടുത്ത വാക്‌സീനേഷൻ കേന്ദ്രത്തിൽ നിന്നും വാക്‌സീൻ ലഭ്യമാകും.സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികൾ, പൊതു കെട്ടിടങ്ങൾ എന്നിവിടങ്ങളിലായി 1000ത്തോളം കേന്ദ്രങ്ങളിലാണ് വാക്‌സീൻ നൽകുന്നത്.

വാക്സിൻ സംബന്ധമായ സംശയങ്ങൾക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതാണ്.