തിരുവനന്തപുരം:  കോവിഡ് വാകിസനെക്കുറിച്ചാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചകൾ ഉയരുന്നത്. അതിനിടെ കേരളത്തിലെ നവമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയാണ് കോവിഡ് വാകിസൻ എടുത്താൻ രണ്ടുമാസത്തേക്ക് മദ്യപിക്കാൻ പാടില്ല എന്നത്. റഷ്യയിൽ വിതരണത്തിനെത്തിക്കുന്ന സ്പുട്‌നിക് വി എന്ന വാക്‌സിൻ ഉപയോഗിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുത് എന്ന് അധികൃതർ നിർദ്ദേശം നനൽകിയിരുന്നു. ഇതിന്റെ ചുവടുപടിച്ചാണ് ഇന്ത്യയിലും ഈ ചർച്ചകൾ പുരോഗമിക്കുന്നത്.

ഇന്ത്യയിലും ഈ വാർത്ത വലിയ രീതിയിൽ പ്രചരിക്കപ്പെടുകയുണ്ടായി. യഥാർത്ഥത്തിൽ മദ്യപാനവും കോവിഡ് വാക്‌സിനേഷനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ശരീരത്തിലെ മദ്യം കോവിഡ് പ്രതിരോധ മരുന്നിനെ ദുർബലമാക്കുമോ? നേരത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇതേ ചോദ്യം ഉയർന്നിരുന്നു. മദ്യപാനികളിൽ കോവിഡ് രോഗ ബാധയുണ്ടാവാൻ സാധ്യത ഏറെയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

മദ്യപാനം കോവിഡ്-19 വൈറസ് ഭീഷണി വർധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം മദ്യപാനികളുടെ രോഗപ്രതിരോധ ശേഷി ദുർബലമായിരിക്കും എന്നതാണ്. മദ്യം മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി ദുർബലപ്പെടുത്തും. ഇത് കോവിഡ് -19 വൈറസ് ഉൾപ്പടെയുള്ള വിവിധങ്ങളായ രോഗവാഹക വൈറസുകൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കും.

ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് അമിത മദ്യപാനം വഴിയൊരുക്കുമെന്നും അവ തന്നെയാണ് കോവിഡ്-19 വൈറസിന്റെ ഏറ്റവും വലിയ ഭീഷണിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈ വസ്തുത കണക്കിലെടുത്താണ് റഷ്യയിൽ വാക്‌സിൻ എടുക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന നിർദ്ദേശം ആരോഗ്യ പ്രവർത്തകർ നൽകിയത്.

കാരണം റഷ്യയിലെ വലിയൊരു വിഭാഗം ജനതയും മദ്യപിക്കുന്നവരാണ്. നിത്യ ജീവിതത്തിലും ആഘോഷ വേളകളിലും മദ്യം ഒഴിവാക്കാനാകത്ത സമൂഹത്തിൽ കോവിഡ് പ്രതിരോധ വാക്‌സിന് പൂർണ ഫലം ലഭിക്കണമെങ്കിൽ ജനങ്ങളുടെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയും മെച്ചപ്പടേണ്ടതായിവരും. പുതുവർഷാഘോഷങ്ങളും, ക്രിസ്തുമസ് ആഘോഷങ്ങളും മദ്യത്തിന്റെ ഉപയോഗം വർധിപ്പിക്കാനിടയുള്ള സാഹചര്യത്തിലാണ് റഷ്യൻഅധികൃതർ അത്തരം ഒരു നിർദ്ദേശം ജനങ്ങൾക്ക് നൽകിയത്.

അതേസമയം കോവിഡ് പ്രതിരോധവും മദ്യപാനവും തമ്മിൽ നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മദ്യപാനം കോവിഡ് വാക്സിന്റെ പ്രവർത്തന ശേഷിയെ നിർവീര്യമാക്കുന്നുമില്ല. അതുകൊണ്ടുതന്നെ റഷ്യയലെപ്പോലെ ഒരു നിബന്ധ ഇന്ത്യയിൽ ഇല്ല. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്.