ഭോപ്പാൽ: ലോകം കോവിഡ് വാക്‌സിനേഷൻ നടപടി കൂടുതൽ ഊർജ്ജിതമായിരിക്കവേ ഇന്ത്യയിലും വേഗത്തിൽ വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കയാണ്. ഇതിനിടെ ഇന്ത്യയിലെ വാക്‌സിനേഷൻ നടപടികളിൽ അലംഭാവം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി പുറത്തുവന്നു. മധ്യപ്രദേശിൽ രണ്ടുലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിനുകളുമായി ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

നരസിങ്പുർ ജില്ലയിലെ കരേലി ബസ് സ്റ്റാൻഡിനു സമീപമാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ 2,40,000 ഡോസുകളാണ് ട്രക്കിനുള്ളിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഏറെ നേരമായി ഒരു ട്രക്ക് പാതയോരത്ത് നിർത്തിയിട്ടിരിക്കുന്നതായും ഡ്രൈവറെയും സഹായിയെയും കാണാനില്ലെന്നും പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ട്രക്ക് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് വാക്സിനുകൾ ട്രക്കിനുള്ളിൽ കണ്ടെത്തിയത്. എട്ടു കോടിയോളം രൂപയുടെ വാക്സിനാണ് ട്രക്കിനുള്ളിലുണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു.

ഡ്രൈവറുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, അത് ദേശീയപാതയോരത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്താനായി. ട്രക്കിനുള്ളിലെ ശീതീകരണസംവിധാനം പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും അതിനാൽ തന്നെ വാക്സിനുകൾ സുരക്ഷിതമാണെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവർക്കും സഹായിക്കും വേണ്ടിയുള്ള തിരച്ചിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇതുവരെയും അവരെ കണ്ടെത്താനായില്ലെന്നും കരേലി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. ആശിഷ് ബോപാച്ചെ കൂട്ടിച്ചേർത്തു.