ലഖ്‌നൗ: ഉത്തർപ്രദേശിലെ സിദ്ധാർഥിനഗർ ജില്ലയിൽ ആദ്യ ഡോസ് കോവിഷീൽഡ് വാക്‌സിൻ ലഭിച്ചവർക്ക് രണ്ടാമത്തെ ഡോസായി ലഭിച്ചത് കോവാക്‌സിൻ. ജില്ലയിലെ 20 പേർക്കാണ് വാക്‌സിൻ മാറി കുത്തിവെച്ചത്. ഇതേതുടർന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.

പിഴവിന് കാരണക്കാരായവർക്കെതിരേ നടപടിയെടുക്കുമെന്നും മെഡിക്കൽ ഓഫീസർ ഉറപ്പുനൽകിയിട്ടുണ്ട്. സിദ്ധാർഥ്‌നഗർ ജില്ലയിലെ ബധ്‌നി പ്രമൈറി ഹെൽത്ത് കെയർ സെന്ററിലാണ് 20 പേർക്ക് വാക്‌സിൻ മാറി കുത്തിവെച്ചത്. മെയ് 14-നാണ് ഇവർ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കേന്ദ്രസർക്കാരിൽ നിന്ന് വ്യത്യസ്ത വാക്‌സിനുകൾ നൽകുന്നത് സംബന്ധിച്ച് യാതൊരു മാർഗനിർദ്ദേശവും ഇല്ലെന്നും സംഭവിച്ചത് പിഴവാണെന്നും സിദ്ധാർഥ്‌നഗർ സിഎംഒ സന്ദീപ് ചൗധരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുതിർന്ന ഓഫീസർമാർ സ്ഥലം സന്ദർശിക്കുകയും പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തു.

രണ്ടാംഡോസ് വാക്‌സിൻ മാറി ലഭിച്ചവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരേ നടപടിയെടുക്കും'-ചൗധരി പറഞ്ഞു.

2021 ഏപ്രിൽ ഒന്നിനാണ് എനിക്ക് കോവിഷീൽഡിന്റെ ആദ്യഡോസ് ലഭിക്കുന്നത്. മെയ് 14ന് സെക്കൻഡ് ഡോസ് നൽകിയത് കോവാക്‌സിനാണ്. വാക്‌സിനെടുക്കാനായി എത്തിയപ്പോൾ ഏത് വാക്‌സിനാണ് ആദ്യം സ്വീകരിച്ചതെന്ന് അന്വേഷണമുണ്ടായില്ല.

കോവിഷീൽഡിന് പകരം അവരെനിക്ക് കോവാക്‌സിനാണ് കുത്തിവെച്ചത്. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിച്ചറിയാൻ ഇതുവരെ എന്നെ ആരും സമീപിച്ചിട്ടില്ല. ആകെ 20 പേർക്കാണ് വാക്‌സിൻ തെറ്റി നൽകിയത്.' രണ്ടാമത്തെ ഡോസിൽ കോവാക്‌സിൻ ലഭിച്ച രാംസൂരത് പറയുന്നു.