ജനീവ: കോവിഡ് വ്യാപനം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ രൂക്ഷമായി തുടരുന്നതിനിടെ ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിൻ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.
രണ്ടാം തരംഗം രൂക്ഷമാകുന്ന കാലയളവിലും ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് ലോകത്തിലെ 83 ശതമാനം വാക്സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയിൽ തിരിച്ചറിഞ്ഞ വൈറസ് വകഭേദത്തെ 'ആഗോള ആശങ്ക ഉയർത്തുന്ന വകഭേദം' എന്ന് തരംതിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ വൈറസ് വകഭേദം കൂടുതൽ വേഗത്തിൽ പടരുന്നുവെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.

'ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയർന്നതും ഇടത്തരം സമ്പദ് വ്യവസ്ഥയുമുള്ളതുമായ രാജ്യങ്ങൾക്ക് ലോകത്ത് ഉദ്പാദിപ്പിച്ച 83 ശതമാനം വാക്സിൻ ലഭിച്ചു. ഇതിനു വിപരീതമായി, ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ആകെ വാക്സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്.'- ഗെബ്രിയേസസ് പറഞ്ഞു.

വൈറസ് വകഭേദങ്ങൾക്കും ഭാവിയിലെ അത്യാഹിതങ്ങൾക്കും എതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ ലഭ്യതയിലെ അസമത്വം എടുത്തുകാണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനാ മേധാവി.