മലപ്പുറം: മലപ്പുറം ജില്ലയിൽ ഞയാറാഴ്ചകളിൽ നിലനിന്നിരുന്ന സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി. രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൺടെയ്ന്മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന സമയത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കി. വ്യാപാര സ്ഥാപനങ്ങൾക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാം.

ജില്ലയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കൂൾബാറുകൾ, തട്ടുകടകൾ, ടീ ഷോപ്പുകൾ അടക്കമുള്ള ഭക്ഷണശാലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം. പാർസൽ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണവും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സെപ്്തംബർ 20 വരെ വിവാഹ ചടങ്ങുകളിൽ പരമാവധി 50 ആളുകൾക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്കും പങ്കെടുക്കാം. സെപ്റ്റംബർ 21 മുതൽ വിവാഹ-മരണാനന്തര ചടങ്ങുകളിൽ പരമാവധി 100 പേർക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കാവുന്നതാണ്. സാമൂഹിക അകലം, സാനിറ്റൈസർ സൗകര്യം, തെർമൽ സ്‌കാനിങ് എന്നിവ ചടങ്ങുകളിൽ ഉറപ്പാക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ, സിനിമ ഹാൾ, സ്വിമ്മിങ് പൂൾ, എന്റർടെയ്ന്മെന്റ് പാർക്ക് തുടങ്ങിയവക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ല. ഓപ്പൺ എയർ തിയറ്ററുകൾക്ക് സെപ്റ്റംബർ 21 മുതൽ പ്രവർത്തനാനുമതി ഉണ്ടായിരിക്കും. ജില്ലയിൽ കൺടെയ്ന്മെന്റ് സോണുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി തടയൽ നിയമം, ദുരന്ത നിവാരണ നിയമം 2005, ഐ.പി.സി സെക്ഷൻ 188 എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു.