ലണ്ടൻ: അഞ്ചു മില്യണോളം വരുന്ന ബ്രിട്ടീഷുകാരെ യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി പുതിയ നിരോധനം. അസ്ട്രസെനെകയുടെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡ് വാക്സിൻ എടുത്തവർക്കാണ് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ബ്രിട്ടനിലെ അഞ്ചു മില്യണോളം വരുന്ന ആളുകൾക്കാണ് യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കാൻ സാധിക്കാതെ വരുന്നത്.

അസ്ട്രസെനെകയുടെ ഇന്ത്യൻ പതിപ്പായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകാരം നൽകുന്നില്ല. മറ്റു വാക്സിനുകളേക്കാൾ കുറഞ്ഞ പ്രതിരോധ ശേഷി മാത്രമെ ഇവയ്ക്കുള്ളൂവെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. അതിനാൽ തന്നെ, ഡിജിറ്റൽ കോവിഡ് പാസ്പോർട്ട് പരിശോധിക്കുന്നതു വഴി ഈ വാക്സിനുകൾ എടുത്തവർക്ക് യൂറോപ്യൻ യൂണിയനിലേക്ക് പ്രവേശിക്കുവാൻ സാധിക്കില്ല.

മുഴുവൻ വാക്സിനുകളും എടുത്ത് ഇയു ഡിജിറ്റൽ കോവിഡ് പാസ്പോർട്ട് ലഭിച്ചാൽ ക്വാറന്റൈനോ മറ്റു ടെസ്റ്റുകളോ ഇല്ലാതെ തന്നെ യൂറോപ്പ് മുഴുവൻ യാത്ര ചെയ്യാനുള്ള അനുമതിയാണ് ലഭിക്കുക. ഏതെങ്കിലും അംഗീകൃത വാക്സിന്റെ രണ്ടു ഡോസുകൾ എടുക്കാത്തവർക്ക് ഈ പാസ് ലഭിക്കുകയില്ല. നിലവിൽ നാല് വാക്സിനുകൾക്കാണ് ഇ എം എയുടെ അംഗീകാരമുള്ളത് ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ പിന്നെ ഓക്സ്ഫോർഡ് അസ്ട്രാസെനെക എന്നീ വാക്സിനുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

ഇന്നലെ ജൂലായ് ഒന്നു മുതലാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലാകെ അംഗീകാരമുള്ള ട്രാവൽ പാസ് ലഭിക്കാൻ അർഹതയുള്ള വാക്സിനുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ അസ്ട്രസെനെകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡും ഉൾപ്പെട്ടിട്ടില്ല. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച കോവാക്സിനാകട്ടെ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം പോലും നേടിയെടുക്കാൻ ആയിട്ടില്ല. ഇന്ത്യയിൽ നൽകാൻ ഉദ്ദേശിക്കുന്ന മൂന്നാമത്തെ വാക്സിനായി റഷ്യയുടെ സ്പുട്നിക് ഫൈവ് യൂറോപ്യൻ യൂണിയന്റെ, വാക്സിനുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള പരിഗണന പട്ടികയിൽ ഇടം നേടിയിട്ടുണ്ടെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

യൂറോപ്യൻ മെഡിസിൻസ് ഏജൻസിയാണ് വാക്സിനുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അംഗീകാരം നൽകേണ്ടത്. ഇന്ത്യയിൽ കോവിഷീൽഡ് ഉദ്പാദകരായ സെറം ഇൻസ്റ്റിറ്റിയുട്ട് ഇതുവരെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിട്ടില്ല എന്നാണ് വിവരം. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ സഹായിക്കുന്നതാണ് ഈ ട്രാവൽ പാസ്. നിലവിൽ ഇത് യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുടെ പൗരന്മാർക്ക് മാത്രമാണ് നൽകുന്നത്.