ഇടുക്കി: പട്ടയത്തിലെ അപാകത പരിഹരിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിപിഐ മണ്ഡലം സെക്രട്ടറി ഉടമയിൽ നിന്ന് തട്ടിയെടുത്തത് അഞ്ചു ലക്ഷം. ഒന്നും നടക്കാതെ വന്നപ്പോൾ ഭൂവുടമ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജില്ലാ കൗൺസിലിനും പരാതി നൽകി. പാർട്ടി അന്വേഷണം തുടങ്ങി. അണക്കര വഞ്ചിപ്പചെറായിൽ വർഗീസ് ജോൺ, ഭാര്യ ശോശാമ്മ എന്നിവരിൽ നിന്നാണ് മൂന്നു തവണയായി സിപിഐ ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി അഞ്ച് ലക്ഷം രൂപ തട്ടിയതായി പരാതിയുള്ളത്.

ഇവരുടെ പേരിലുള്ള 45 സെന്റ് സ്ഥലത്തിൽ ഒരു ഭാഗം വിറ്റതിന് ശേഷം പോക്കുവരവിന് ശ്രമിക്കുമ്പോഴാണ് കൈവശമുള്ള പട്ടയത്തിന് സാങ്കേതികമായ ന്യൂനത ഉണ്ടെന്ന് മനസിലായത്. ഇത് റദ്ദ് ചെയ്ത് പുതിയ പട്ടയത്തിന് അപേക്ഷിക്കുകയായിരുന്നു ഏക പോംവഴി. വില്ലേജിലും താലൂക്കിലും കയറി ഇറങ്ങി മടുത്തപ്പോഴാണ് റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ കൂടിയായ മണ്ഡലം സെക്രട്ടറി പികെ സദാശിവനെ സമീപിച്ചത്. 20 ദിവസത്തിനുള്ളിൽ പട്ടയം ശരിയാക്കി നൽകാമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയ്തു.

ഇതിനായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്നും സദാശിവൻ പറഞ്ഞു. ഈ പേരിൽ മൂന്നു തവണയായിട്ടാണ് തങ്ങളിൽ നിന്ന് സദാശിവൻ അഞ്ചര ലക്ഷം വാങ്ങിയതെന്ന് വർഗീസ് ജോൺ പറയുന്നു. ആദ്യം ഒരു ലക്ഷവും പിന്നീട് രണ്ടു ലക്ഷവും കൊടുത്തത് ചെല്ലാനം ലോഡ്ജിൽ വച്ചായിരുന്നു. പിന്നീട് ഇയാളുടെ തന്നെ പെട്രോൾ പമ്പിൽ വച്ച് രണ്ടു ലക്ഷം കൂടി കൊടുത്തുവെന്ന് വർഗീസ് ജോണിന്റെ പരാതിയിലുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി മൂന്നംഗ കമ്മിഷനെ നിയോഗിച്ചു. സിപിഐ സംസ്ഥാന കൗൺസിലംഗം സിഎ ഏലിയാസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. മുത്തുപാണ്ടി, എഐവൈഎഫ് ജില്ലാ സെക്രട്ടറി വി എസ് അഭിലാഷ് എന്നിവരാണ് സമിതിയിലുള്ളത്. പരാതിയിൽ കഴമ്പുണ്ടെന്നാണ് അന്വേഷണ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. മൂന്നു തവണയായി സദാശിവൻ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ബാങ്ക് രേഖകളും വീഡിയോ ദൃശ്യങ്ങളും വർഗീസ് ജോൺ ഹാജരാക്കിയിട്ടുണ്ട്.

മുൻ വില്ലേജ് ഓഫീസറും വണ്ടന്മേട് ലോക്കൽ സെക്രട്ടറിയുമായ വ്യക്തിയുടെ ഇടനിലയിലാണ് പണം നൽകിയത്. ഇതു സംബന്ധിച്ച് സിപിഐ അനുഭാവി കൂടിയായ വർഗീസ് ജോൺ പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നു. പാർട്ടി ഇടപെട്ട് തൽക്കാലം തടഞ്ഞിരിക്കുകയാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പാർട്ടിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കൂടുതലായി ഒന്നും പറയുന്നില്ലെന്നും സദാശിവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.