തിരുവനന്തപുരം: കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താനുള്ള കഴിവ് ഇന്ന് ഇന്ത്യയിൽ ഇടതു പക്ഷത്തിനില്ലെന്ന് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം പറഞ്ഞത് ചർച്ചയായിരുന്നു. ആ ശൂന്യതയിൽ ആർ എസ് എസും ബിജെപിയും കടന്നു വരും എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. എംപിയുടെ വാക്കുകൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശരി വച്ചിരുന്നു. എന്നാൽ, ബിനോയിയുടെ കോൺഗ്രസ് അനുകൂല പരാമർശം അനവസരത്തിലെന്ന് സിപിഐ എക്‌സിക്യുട്ടീവ് യോഗത്തിൽ വിമർശനം.

പ്രസ്താവന എൽഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നു. കോൺഗ്രസ് വേദിയിൽ പോയി അതു പറയേണ്ടിയിരുന്നില്ല. പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാർട്ടി എക്‌സിക്യുട്ടീവ് യോഗത്തിൽ വിമർശനമുണ്ടായി.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പങ്ക് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസംഗം. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇത് പിന്തുടരുന്നതിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായി. ഇക്കാര്യത്തിൽ കോൺഗ്രസുമായി വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയതിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. ആ ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ. അതുകൊണ്ടു കോൺഗ്രസ് തകർന്നു പോകരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യയിൽ ബിജെപിക്കും സംഘപരിവാറിനും ബദൽ ഇടതുപക്ഷം എന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. കോൺഗ്രസിന് അതിന് സാധിക്കില്ല. കോൺഗ്രസ് ഇല്ലാതാകുന്ന സ്ഥലത്ത് ഇടതുപക്ഷമാണ് ശക്തി പ്രാപിക്കുന്നതെന്നും നേതാക്കൾ അവകാശപ്പെടാറുണ്ട്. എന്നാൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമാണ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായം.

ബിനോയ് വിശ്വത്തിന്റെ കോൺഗ്രസ് അനുകൂല പ്രസ്താവനയ്ക്ക് പൂർണ്ണ പിന്തുണയുമായി സിപിഐ മുഖപത്രം ഇന്നലെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് രാഷ്ട്രീയ ബദൽ ഉണ്ടാക്കാൻ കോൺഗ്രസ് അനിവാര്യ ഘടകം ആണെന്നാണ് ജനയുഗം മുഖപ്രസംഗത്തിൽ പറഞ്ഞത്. കോൺഗ്രസിന്റെ പ്രാധാന്യം കമ്യുണിസ്റ്റുകൾ മാത്രമല്ല നിഷ്പക്ഷരും അംഗീകരിക്കും എന്നും ജനയുഗം എഴുതി.

ഇതിനു പിന്നാലെ സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. സിപിഐ നിലപാട് തള്ളിയ കോടിയേരി, കോൺഗ്രസിനെ ബദലായി കാണാനാവില്ലെന്ന് വ്യക്തമാക്കി. കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ ഇടതുപക്ഷത്തിന് സഹായകമാകില്ല. സിപിഐ നിലപാട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സഹായമാകുമെന്നും കോടിയേരി ഇടുക്കിയിൽ തുറന്നടിച്ചു. ഇതി്‌ന് പിന്നാലെയാണ് ഇപ്പോൾ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിൽ ബിനോയ് വിശ്വത്തിന് നേരെ വിമർശനം ഉണ്ടായത്.