തിരുവനന്തപുരം: പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പരാമർശം തള്ളി സിപിഐ നേതൃത്വം. ആനി രാജയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. ഒമ്പതാം തിയ്യതി സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുമ്പോൾ വിഷയം ചർച്ച ചെയ്യും. ഇതിന് ശേഷം വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

സംസ്ഥാന സർക്കാർ നയത്തിനെതിരെ പൊലീസ് നടപടികൾ മനപ്പൂർവ്വമാണോ എന്നും ആനി രാജ സംശയം പ്രകടിപ്പിച്ചു. ഇതിനു പിന്നിൽ ആർ.എസ്.എസ് ഗ്യാംഗ് ആണെന്ന വിമർശനമാണ് ആനി രാജ പ്രകടിപ്പിച്ചത്. സർക്കാർ നയങ്ങൾക്കെതിരായ സംഘടിത ശ്രമങ്ങളാണ് ഉണ്ടാവുന്നത്. സ്ത്രീകൾക്കെതിരേ പീഡനങ്ങളും അതിക്രമങ്ങളും വർധിക്കുന്നു. പൊലീസിന്റെ അനാസ്ഥകൊണ്ട് പല മരണങ്ങളും സംഭവിക്കുന്നതായും ആനി രാജ കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഏറെനാളായി ഉന്നയിക്കുന്ന ആരോപണം ഭരണപക്ഷത്തെ മുതിർന്ന വനിതാ നേതാവ് തന്നെ ഏറ്റെടുത്തത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സ്വന്തം പാർട്ടിയും ഇപ്പോൾ ആനിരാജയുടെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.