തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഓരോ പാർട്ടി അംഗത്തോടും സിപിഐ സംഭാവനയായി ചോദിക്കുന്നത് വെറും 20 രൂപ.കേരളത്തിലെ സിപിഐ അല്ല, ഹൈദരാബാദിൽ സമാപിച്ച സിപിഐ ദേശീയ നിർവാഹകസമിതി, കൗൺസിൽ യോഗങ്ങളാണ് ഈ 'മിനിമം ക്വോട്ട' നിശ്ചയിച്ചത്.തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലേക്കു സിപിഐ കേന്ദ്ര നേതൃത്വം ദേശീയ തലത്തിൽ സമാഹരിക്കുന്നതാണ് ഈ ഫണ്ട്. ഓരോ അംഗത്തിന്റെയും സംഭാവന 20 രൂപയിൽ കുറയരുത്. കൂടുതൽ നൽകാൻ താൽപര്യമുണ്ടെങ്കിൽ ആവാം.

ദേശീയതലത്തിൽ 20 രൂപ വച്ചു പിരിക്കാൻ തീരുമാനം എടുക്കും മുൻപ് കേരളത്തിലെ പ്രചാരണത്തിനും മറ്റുമായി അംഗങ്ങളിൽ നിന്ന് 200 രൂപ സംഭാവന വാങ്ങാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഉദാരമായി സംഭാവന നൽകാൻ താൽപര്യമുള്ളവർക്ക് അതിനും അവസരമുണ്ട്. പാർട്ടി അംഗങ്ങളിൽ നിന്ന് 200 രൂപ വീതം എന്ന കേരള മാതൃക പിന്തുടർന്നാണ് 20 രൂപ അവരിൽ നിന്ന് എന്ന തീരുമാനം ദേശീയതലത്തിൽ എടുത്തത്.

സിപിഐക്ക് ഇന്ത്യയിൽ ആറര ലക്ഷത്തോളം അംഗങ്ങളാണുള്ളത്. 20 രൂപ വച്ചു മാത്രം എല്ലാവരും നൽകിയാൽ 13 കോടി രൂപ സമാഹരിക്കാൻ കഴിയും. കേരളത്തിലെ 3 നിയമസഭാ മണ്ഡലങ്ങളിലെ പ്രചാരണത്തിന് പോലും ഇതു തികയാനിടയില്ല.പക്ഷേ, തൽക്കാലം ഇതു മതിയെന്നാണ് തീരുമാനം. ഈ പിരിവു കൊണ്ടു മാത്രം കാര്യം നടക്കുമെന്ന വിലയിരുത്തൽ ദേശീയ കൗൺസിലിൽ ഉണ്ടായില്ല. ജനങ്ങളെ സമീപിക്കേണ്ടി വരും. എന്നാൽ, അതിസമ്പന്നരിൽ നിന്നോ കോർപറേറ്റുകളിൽ നിന്നോ സംഭാവന സ്വീകരിക്കരുത് എന്നു യോഗം നിഷ്‌കർഷിച്ചു. കേരളത്തിലുള്ളവർ കേരള ഫണ്ടിലേക്കും ദേശീയ ഫണ്ടിലേക്കും പ്രത്യേകം പ്രത്യേകം സംഭാവനകൾ നൽകണം.


അതേസമയംകേരളത്തിൽ എൽഡിഎഫിനു ഭരണത്തുടർച്ച ഉണ്ടാകുമെന്ന വിലയിരുത്തലാണ് ദേശീയ കൗൺസിലിൽ ഉണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം, സർക്കാരിന്റെ വികസനക്ഷേമ നടപടികൾ, സിപിഎംസിപിഐ ഐക്യം എന്നിവയാണ് ആ പ്രതീക്ഷയ്ക്ക് കാരണങ്ങളായി സംസ്ഥാന നേതൃത്വം അവിടെ റിപ്പോർട്ട് ചെയ്തത്.