തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പൊലീസ് നയത്തെ വിമർശിച്ച സിപിഐ നേതാവ് ആനി രാജയെ പിന്തുണച്ച ജനറൽ സെക്രട്ടറി ഡി രാജക്കെതിരെ സിപിഐയിൽ പടയൊരുക്കം. അസാധാരണ നീക്കവുമായി സിപിഐ സംസ്ഥാന ഘടകമാണ് രംഗത്തുവന്നത്. രാജയുടെ നടപടിക്കെതിരെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു. ആനി രാജയെ പിന്തുണച്ചതു ശരിയായ നിലപാടല്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. പ്രതിഷേധം ഡി.രാജയെ നേരിട്ട് അറിയിക്കാൻ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി.

സർക്കാരിന്റെ പദ്ധതികളെ അട്ടിമറിക്കാൻ പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ പ്രസ്താവന. ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദേശീയ നേതൃത്തിനു പരാതി നൽകിയിരുന്നു. സംസ്ഥാന വിഷയങ്ങളിൽ സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണങ്ങൾ നടത്തുന്നതു ശരിയല്ലെന്നായിരുന്നു കത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇതിനുശേഷം ചേർന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് ആനി രാജയുടെ നിലപാടുകളെ പിന്തുണച്ചു.

യോഗത്തിനുശേഷം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ആനി രാജയുടെ നിലപാട് ശരിയാണെന്നാണ് ഡി.രാജ അറിയിച്ചത്. രാജ്യത്തെവിടെയായാലും പൊലീസിനു വീഴ്ച വന്നാൽ വിമർശിക്കപ്പെടണം എന്നായിരുന്നു രാജയുടെ പ്രതികരണം. ഇതോടെയാണ് ജനറൽ സെക്രട്ടറിക്കെതിരെ അസാധാരണ പ്രതിഷേധം ഉയർന്നത്. ഡി.രാജയുടെ ഭാര്യയാണ് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്റെ അഖിലേന്ത്യാ സെക്രട്ടറിയുമായ ആനി രാജ.

ഡി. രാജയുടെ പ്രസ്താവന കേരളത്തിലെ മാധ്യമങ്ങൾ ചർച്ചയാക്കി. ഇതിലെ അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഉയർന്നത്. യു.പിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകൾ വിമർശിക്കപ്പെടുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കേരള പൊലീസിനെതെരേ സിപിഐ നേതാവ് ആനി രാജ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാവാണ് ആനി രാജ് അവർ അത്തരത്തിൽ പരമാർശം നടത്തണമെങ്കിൽ എന്തെങ്കിലും വിവരം ലഭിച്ചു കാണണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.