തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉണ്ടാകുമെന്ന് വിലയിരുത്തി സിപിഐ. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് വിലയിരുത്തൽ. എൺപതിൽ അധികം സീറ്റുകൾ നേടി എൽഡിഎഫ് അധികാരം നിലനിൽത്തും. എന്നാൽ പാർട്ടിക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കുറച്ച് സീറ്റുകളാകും ലഭിക്കുക എന്നും സിപിഐ നേതൃയോഗം വിലയിരുത്തി.

പാർട്ടി ജില്ലാ ഘടകങ്ങൾ നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. മൂവാറ്റുപുഴ, തൃശൂർ, ചേർത്തല, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത് എന്നും തൃശൂർ സീറ്റ് നഷ്ടമായേക്കാം എന്നും നേതൃയോഗം വിലയിരുത്തി. മലപ്പുറം തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടുമെന്നും പാർട്ടി വിലയിരുത്തുന്നു.

പതിനേഴു സീറ്റിലാണ് ഇത്തവണ സിപിഐ വിജയം പ്രതീക്ഷിക്കുന്നത്. 25 സീറ്റിലാണ് ഇത്തവണ സിപിഐ മത്സരിച്ചത്. കഴിഞ്ഞതവണ 27 സീറ്റിൽ മത്സരിച്ച് 19 സീറ്റ് നേടിയിരുന്നു. എൺപത് സീറ്റിനുമുകളിൽ നേടി ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് സിപിഎമ്മിന്റെയും വിലയിരുത്തൽ.

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പലയിടത്തും ഭിന്നാഭിപ്രായം ഉയർന്നിരുന്നെങ്കിലും അത് വകവയ്ക്കാതെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കിയ സിപിഐ പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതും വിമർശനത്തിന് കാരണമായി. പിണറായി മന്ത്രിസഭയിൽ 19 അംഗങ്ങളാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് പാർട്ടി വിലയിരുത്തൽ. വോട്ടെടുപ്പിന് പിന്നാലെ ചേർത്തലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നവർക്കെതിരെ സിപിഐ അച്ചടക്ക നടപടിയെടുത്തിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ 80 സീറ്റിന് മുകളിൽ ലഭിച്ചേക്കുമെന്നാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാല് ദിവസം മുമ്പ് വിലയിരുത്തിയത്. ഇടത് അനുകൂല തരംഗമുണ്ടായാൽ സീറ്റുകളുടെ എണ്ണം 100 ആകുമെന്നും നേതൃയോഗം വിലയിരുത്തി.

ഏതു സാഹചര്യമുണ്ടായാലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിച്ചേക്കും. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ, കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ, വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എൽഡിഎഫിന് അനുകൂല വിധിയെഴുത്തിന് സഹായകരമാകുമെന്നാണ് സിപിഎം നേതൃയോഗം വിലയിരുത്തിയത്.

ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായെന്നും സിപിഎം നേതൃയോഗം കണക്കുകൂട്ടുന്നു. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ബിജെപി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ട്. ബിജെപി, ബിഡിജെഎസ് സ്ഥാനാർത്ഥികൾ ദുർബലരായ മണ്ഡലങ്ങളിലും വോട്ടുകൾ നിർജീവമായിപ്പോയിട്ടുണ്ടാകുമെന്ന് സിപിഎം വിലയിരുത്തുന്നു.