തിരുവല്ല: സിപിഐ ജില്ലാ സെക്രട്ടറി എപി ജയനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജില്ലാകൗൺസിൽ അംഗം പിഎൻ രാധാകൃഷ്ണ പണിക്കർ. വൈഎംസിഎയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് രാധാകൃഷ്ണ പണിക്കർ ജില്ലാ സെക്രട്ടറി എപി ജയനെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്. 32 വർഷമായി തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ പ്രവർത്തിക്കുന്ന താൻ പാർട്ടി ജില്ലാ നേതൃത്വത്തിന്റെ തെറ്റായ പ്രവണതകൾ ജില്ലാ കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചിരുന്നു.

റാന്നി താലൂക്കിലെ ചേത്തയ്ക്കൽ വില്ലേജിൽ മരംകൊള്ള നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്തവർക്ക് സംരക്ഷണം ഒരുക്കുന്നത് ജയനാണ്. 150 തേക്കു മരങ്ങൾ മുറിച്ചു നീക്കിയ സംഭവം വിവാദമായിട്ടും ഇതു സംബന്ധിച്ച് ഒരു പ്രതികരണവും സിപിഐ ജില്ലാ സെക്രട്ടറി നടത്താത്തത് അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. തന്റെ ബിനാമികളെ ഉപയോഗിച്ച് പത്തനംതിട്ട നഗരത്തിൽ ചതുപ്പു നിലങ്ങൾ നികത്തി കോടികൾ വിലയിട്ട് മറിച്ചു വിൽക്കുന്നു. അടൂർ കേന്ദ്രീകരിച്ച് ജയൻ ഒരു കോടി രൂപ മുടക്കി ഫാം നിർമ്മിക്കുന്നുണ്ട്. ഇതേപ്പറ്റി അന്വേഷണം വേണമെന്നും പണിക്കർ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിട്ടും ജയൻ കോന്നി നിയോജക മണ്ഡലത്തിന്റെ ചുമതലക്കാരനായി തുടർന്നത് പാറമട, ക്വാറി മാഫിയകളെ സഹായിക്കാനാണ്. അവർക്ക് വരുന്ന കോടിക്കണക്കിന് രൂപയുടെ റോയൽട്ടി ക്യാൻസൽ ചെയ്തുകൊടുക്കുന്ന ജോലിയാണ് ജില്ലാ സെക്രട്ടറിക്കുള്ളതെന്നും മുൻ ജില്ലാ കൗൺസിൽ അംഗം ആരോപിച്ചു.

ഒരു സാധാരണ തൊഴിലാളിയുടെ മകനായ ജില്ലാ സെക്രട്ടറി ഇക്കാലയളവിൽ രണ്ടു കോടി വില മതിക്കുന്ന വീടും ചുറ്റുപാടും ബിസിനസ് മൂലധനവും ഉണ്ടാക്കിയത് അവിഹിത മാർഗത്തിലൂടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർട്ടി ഭരണ ഘടന അനുസരിച്ച് ജില്ലാ കമ്മറ്റിയംഗമായ ഒരാളെ രാജി വച്ചാൽ പോലും പുറത്താക്കേണ്ടത് ജില്ലാ കൗൺസിലിന്റെ തീരുമാന പ്രകാരമാണ്. ജില്ലാ കൗൺസിൽ അംഗത്തിന് പറയാനുള്ള അവകാശം ജില്ലാ കൗൺസിലിൽ ഉണ്ടെന്നിരിക്കേ കാര്യം മറച്ചു വച്ച് വ്യക്തി വിരോധത്തിന്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വാർത്ത നൽകുകയായിരുന്നുവെന്നും രാധാകൃഷ്ണ പണിക്കർ പറഞ്ഞു.

വ്യക്തിപരമായ നടപടികൾ ജയൻ നടത്തുന്നതിന്റെ തുടർച്ചയായി തനിക്ക് പലതവണ വിശദീകരണ നോട്ടീസ് അയയ്ക്കുകയും മറുപടി നൽകിയിട്ടും വീണ്ടും നോട്ടീസ് അയച്ച് പീഡിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് ഈ മാസം ആദ്യം രാജിവച്ചത്. എന്നാൽ ചട്ടങ്ങളൊന്നും പാലിക്കാതെ ജില്ലാ സെക്രട്ടറി തന്നെ പുറത്താക്കിയതായി പത്ര വാർത്തകൾ നൽകിയതായി രാധാകൃഷ്ണ പണിക്കർ പറഞ്ഞു. എപി ജയൻ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ നാൾമുതൽ കമ്മ്യുണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടിയിൽ വിഭാഗീയത വളർത്തിയും കളങ്കിതമായ മാർഗങ്ങളിലൂടെ സ്വത്ത് സമ്പാദനവും നടത്തുകയാണ്.

ഇക്കാര്യങ്ങൾ പാർട്ടി കമ്മിറ്റികളിൽ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പിഎൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. രാധാകൃഷ്ണനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയംഗങ്ങളായ സാമുവൽ ജോസഫ്, വി.ജെ.ജോൺസൺ എന്നിവരും പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായും അറിയിച്ചു.ജില്ലാ സെക്രട്ടറിയുടെ നിലപാടുകളിൽ വിഘടിച്ച് നിൽക്കുന്നവരുമായി സഹകരിച്ച് പാർട്ടി നേതൃത്വത്തിനും സർക്കാർ സംവിധാനങ്ങളിലും പരാതി നൽകുമെന്നും രാധാകൃഷ്ണ പണിക്കർ പറഞ്ഞു.