കോട്ടയം: സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ നടപടികൾ ഫോണിൽ റെക്കോർഡ് ചെയ്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. സിപിഎം വടവാതൂർ ഇ.എസ്‌ഐ ബ്രാഞ്ച് സെക്രട്ടറി എൻ.എൻ ദിവാകരനെയാണ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്. യോഗത്തിനിടെ ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണിൽ വോയിസ് റെക്കോർഡർ ഓൺ ആയിക്കിടക്കുന്നത് മറ്റൊരു അംഗം കാണുകയും ഇത് എന്താണെന്ന് ആരായുകയും ചെയ്തു. ഇത് കശപിശയിൽ കലാശിക്കുകയും ചെയ്തു. തുർന്നാണ് സിപിഎം നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇതിനുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ മറുപടിയോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഈ യോഗം മാത്രമല്ല, എല്ലാ യോഗങ്ങളും താൻ റെക്കോർഡ് ചെയ്യാറുണ്ടെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇതോടെ വിഷയത്തിൽ ഏരിയാ കമ്മിറ്റി ഇടപെടുകയും തുടർന്ന് ദിവാകരനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.

യോഗത്തിന്റെ വിശദാംശങ്ങൾ വേഗത്തിൽ എഴുതിയെടുക്കാനാവാത്തതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്തതെന്ന ദിവാകരന്റെ വിശദീകരണം ഏരിയാകമ്മിറ്റി ചെവിക്കൊണ്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ താൻ രാജിവെക്കുകയായിരുന്നുവെന്നും ദിവാകരൻ പറയുന്നു. 3 വർഷം മുൻപായിരുന്നു ബ്രാഞ്ച് സെക്രട്ടറിയായി നിയമിതനായത്.