കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ വീണ്ടും തെരഞ്ഞെടുത്തു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ തുടരും. ജില്ലാ കമ്മിറ്റിയിൽ 16 പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 12 പേരെ ഒഴിവാക്കി. വനിതാ പ്രാതിനിധ്യം വർധിച്ചപ്പോൾ ചിന്താ ജെറോം, അയിഷാ പോറ്റി, സബിതാ ബീഗം, സുജ ചന്ദ്രബാബു എന്നിവർ പുതിയ അംഗങ്ങളായി ജില്ലാ കമ്മിറ്റിയിൽ എത്തി. കമ്മിറ്റിയിൽ 6 പേർ വനിതകളാണ്. പ്രസന്ന ഏണസ്റ്റ്, സി രാധാമണി, സുജാ ചന്ദ്രബാബു, അഡ്വ. സബിദാ ബീഗം, അഡ്വ. ഐഷാപോറ്റി, ചിന്താജെറോം എന്നിവരാണ് വനിതകൾ. നേരത്തെ ഉണ്ടായിരുന്ന 42 അംഗ കമ്മിറ്റി 46 ആയി ഉയർത്തി.

ഇരവിപുരം എംഎൽഎ എം.നൗഷാദും ജില്ലാ കമ്മിറ്റിയിലുണ്ട്. ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ.വസന്തനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. കരുനാഗപ്പള്ളിയിൽ വിഭാഗീയത തുടരുന്നതാണ് വസന്തന് വിനയായത് എന്നാണു റിപ്പോർട്ട്.

കൊല്ലം ജില്ലാ സെക്രട്ടറിയായി സുദേവന് ഇത് രണ്ടാമൂഴമാണ്. 1971 ലാണ് എസ് സുദേവൻ സിപിഐ എം അംഗമാകുന്നത്. പിന്നീട് കൊല്ലായിൽ, മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായി. 1976 അടിയന്തരാവസ്ഥ കാലത്ത് ചിതറ ലോക്കൽ കമ്മിറ്റി അംഗമായായിരുന്നു. 1984 ൽ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. 1990 മുതൽ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി. 1995 ൽ ജില്ലാ സെക്രട്ടറിയറ്റംഗമായി. 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ്.

കാഷ്യൂ സെന്റർ സംസ്ഥാന വൈസ് പ്രസിഡന്റാണ്. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയായി 4 വർഷം പ്രവർത്തിച്ചു. 67കാരനായ 2000ൽ ചടയമംഗലം ജില്ലാ ഡിവിഷനിൽ നിന്നും, 2005 ൽ ചിതറ ജില്ലാ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു.

2016 മുതൽ 2018 വരെ കാപ്പക്സ് ചെയർമാനായിരുന്നു. 1987 മുതൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. 1986 ലെ ഐതിഹാസികമായ കശുവണ്ടി തൊഴിലാളി സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചു. ഭാര്യ: എൽ മഹിളാമണി. മക്കൾ: അഡ്വ. എസ് അനുരാജ് (ചിങ്ങേലി ലോക്കൽ കമ്മിറ്റി അംഗം), എസ് അഖിൽ രാജ്. മരുമകൾ: അഡ്വ. ജെ മിത്ര.