കോഴിക്കോട്: സമുദായ രാഷ്ട്രീയം കളിക്കുന്നതിൽ എല്ലാക്കാലത്തും യുഡിഎഫായിരുന്നു മികച്ചു നിന്നത്. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയതോടെ ആ അവസ്ഥക്ക് മാറ്റം വന്നു. കാലങ്ങളായി ലീഗിനൊപ്പം പ്രവർത്തിച്ചു പോന്ന സമസ്ത വിഭാഗത്തെ അടക്കം പിണറായി ഇടതു മുന്നണിയിലേക്ക് അടുപ്പിച്ചു കഴിഞ്ഞു. ഇത് ഏറ്റവും കൂടുതൽ ക്ഷീണിപ്പിക്കുന്നത് ലീഗിനെയാണ് താനും. അടുത്തിടെ സമസ്ത സിപിഎമ്മുമായി കൂടുതൽ അടുക്കുന്നതിൽ ലീഗ് അപായ സൂചന കണ്ടു കഴിഞ്ഞു.

മുസ്ലിം ലീഗിന് മുന്നറിയിപ്പ് നൽകിയും സിപിഎമ്മിനോട് അയിത്തമില്ലെന്ന് പ്രഖ്യാപിച്ചും സമസ്ത വീണ്ടും രംഗത്തു വന്നു. അവകാശ സംരക്ഷണത്തിനായി എസ്.കെ.എസ്.എസ്എഫ് നടത്തുന്ന മുന്നേറ്റ യാത്രയിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ പങ്കെടുപ്പിച്ചു. മുക്കത്ത് നടന്ന സ്വീകരണ സമ്മേളനത്തിലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചത്. ലീഗ്, കോൺഗ്രസ് പ്രതിനിധികളും ചടങ്ങിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യാടനത്തിൽ പങ്കെടുത്ത് പിണറായിയെ പ്രശംസിച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കവും പരിപാടിയിലുണ്ടായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സംബന്ധിച്ച് മുസ്ലിം ലീഗും സമസ്തയും തമ്മിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഭിന്നത രൂക്ഷമായി കൊണ്ടിരിക്കെ ഒരാഴ്ച മുമ്പ് സമസ്ത നേതാക്കൾ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിക്കുകയുണ്ടായി. പ്രഫ. ആലിക്കുട്ടി മുസ്ലിയാർക്ക് ലീഗ് വിലക്കേർപ്പെടുത്തിയെ വാർത്തകൾക്കിടെയായിരുന്നു സന്ദർശനം.

ഇതിന് പിന്നാലെയാണ് ജനപ്രതിനിധി അല്ലാത്ത സിപിഎം ജില്ലാ സെക്രട്ടറിയെ സ്വന്തം വേദിയിലേക്ക് സമസ്ത ക്ഷണിച്ചത്. സമസ്തയുടെ കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടതില്ലെന്ന മുന്നറിയിപ്പ് നൽകാൻ കൂടിയായിട്ടാണ് പി.മോഹനനെ ക്ഷണിച്ചതെന്നാണ് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗുമായി സഹകരിച്ച വെൽഫെയർ പാർട്ടി നിയമസഭയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും മലപ്പുറത്ത് അടക്കം ലീഗിന് തിരിച്ചടിയാകുമോ എന്ന ഭയത്തിന് ഇടയാക്കിയിട്ടുണ്ട്.

നേരത്തെ സമസ്തയും മുസ്ലിം ലീഗും തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ കെട്ടി ചമച്ചതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു. തങ്ങൾ എല്ലാ കാലത്തും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയിൽ കോഴിക്കോട് വെച്ച് ഉമ്മർ ഫൈസി മുക്കം പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു വിവാദവും ഇല്ലെന്നും ആലിക്കുട്ടി മുസ്ലിയാരെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം ദേഹാസ്വസ്ഥ്യം മൂലമാണ് മടങ്ങിയതെന്നും മുത്തുക്കോയ തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.

പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും ആലിക്കുട്ടി മുസ്ലിയാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. സമസ്ത നേതാക്കളുടെ അസ്തിത്വം ചോദ്യം ചെയ്യുന്ന നിലപാടാണ് ലീഗ് നേതാക്കളിൽ നിന്നും ഉണ്ടാവുന്നതെന്നും സൈബർ മാധ്യമങ്ങളിൽ പ്രചരണമുണ്ട്.

സൈബർ അടങ്ങളിൽ ഈ തർക്കം ശക്തമായി ഉയരുകയാണ്. കോഴിക്കോട് വച്ചു നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത സമസ്ത നേതാവ് മുക്കം ഉമ്മർ ഫൈസിയേയും ലീഗ് ബഹിഷ്‌കരിക്കുകയാണെന്നും പല പദവികളിൽ നിന്നും ഉമ്മർ ഫൈസിയെ ഇതിനോടകം നീക്കിയിട്ടുണ്ടെന്നും സമസ്ത പ്രവർത്തകരിൽ ഒരു വിഭാഗം ആരോപിക്കുന്നു. സുന്നി ലീഗ് തർക്കം വിണ്ടൂം രൂക്ഷമാവുന്നതിന്റെ ഭാഗമാണിതെന്നും സൂചനയുണ്ടായിരുന്നു.