തിരുവനന്തപുരം: പാർട്ടിയംഗങ്ങൾ ദൈവനാമത്തിൽ സത്യവാചകം ചൊല്ലുന്നത് കുറ്റമായി കാണുന്നരീതി സിപിഎം. ഇത്തവണ മാറ്റി. മുൻകാലങ്ങളിൽ വലിയ തെറ്റെന്ന വിധത്തിൽ കണ്ടിരുന്ന കാര്യങ്ങലാണ് ഇപ്പോൾ തെറ്റല്ലെന്ന നിലപാടിലേക്ക് സിപിഎം മാറിയിരിക്കുന്നത്. അതിനാൽ, ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയ മന്ത്രി അടക്കമുള്ള മൂന്ന് പാർട്ടിയംഗങ്ങൾക്കെതിരേ സംസ്ഥാനസമിതി നടപടി കൈക്കൊണ്ടില്ല.

കമ്യൂണിസ്റ്റ് മൂല്യബോധത്തിലുള്ള കുറവുകൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ വിശദീകരണം. മന്ത്രി വീണാജോർജ്, എംഎ‍ൽഎ.മാരായ ദലീമ, ആന്റണി ജോൺ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ വീണാജോർജ് ഏരിയാകമ്മിറ്റി അംഗവും ആന്റണി ജോൺ ലോക്കൽ കമ്മിറ്റി അംഗവും, ദലീമ ബ്രാഞ്ച് അംഗവുമാണ്. മൂന്ന് പേരു ഇശ്വര വിശ്വാസമുള്ള ക്രൈസതവ വിഭാഗക്കാരാണ്. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ഇക്കുറി സിപിഎമ്മിന് ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് സത്യുപ്രതിജ്ഞാ കാര്യത്തിൽ കടുംപിടുത്തതിന് സിപിഎം നിൽക്കാത്തത്.

2006-ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എം.എം. മോനായി എന്നിവരെ സംസ്ഥാനകമ്മിറ്റി ശാസിച്ചിരുന്നു. 'സഖാക്കൾ രഹസ്യമായി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെ അപമാനിക്കാൻ ഒരുപ്രയാസവുമുണ്ടായില്ല' -എന്നായിരുന്നു അന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തിയത്. അംഗങ്ങൾ പാർട്ടിനിലപാടിൽ ഉറച്ചുനിൽക്കാനുള്ള ഇടപെടൽ നടത്താനും അന്ന് സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു.

2006 നവംബർ 4, 5 തീയതികളിൽ എകെജി സെന്ററിൽ ചേർന്ന സംസ്ഥാനക്കമ്മിറ്റിയോഗം വിശ്വാസികളായ ഇരുഎംഎൽഎമാരെ നിശിതമായി വിമർശിച്ചു. വെറും ശാസനയിൽ നിൽക്കാതെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന വിധം പാർട്ടി അവരെ വേട്ടയാടുകയും, സംഘടനാ രേഖയിൽ പ്രത്യേകം നോട്ട് ചെയ്ത് സാദാ അംഗങ്ങളുടെ കോപതാപങ്ങൾക്ക് ഇരയാകാൻ അവരെ എറിഞ്ഞു കൊടുക്കുകയും ചെയ്തു.

പ്രസ്തുത സംഘടനാരേഖയുടെ ഒമ്പതാം ഖണ്ഡികയുടെ ഏഴാംവരിയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'പാർട്ടി അംഗങ്ങളും പാർട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങൾ ഒഴിവാക്കാൻ രംഗത്തു വരേണ്ടതാണ്. പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ എം എം മോനായി, ഐഷാ പോറ്റി എന്നിവർ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസംബ്ലിയിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടിക്കാകെ വരുത്തിവെച്ച അപമാനമായിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൽ ഉറച്ചു നിൽക്കുന്ന ഒരാളാണ് പാർട്ടി അംഗത്വത്തിലേയ്ക്ക് വരുന്നത്. ദീർഘകാലമായി പാർട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കൾക്ക് തങ്ങളുടെ രഹസ്യമാക്കി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായില്ല. ഇത്തരത്തിൽ പരസ്യമായി പാർട്ടിയുടെ നിലപാടുകൾ ധിക്കരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചെയ്തികൾ പാർട്ടി ഘടകങ്ങൾ കണ്ടില്ലെന്നു നടിക്കരുത്'.

ആ ഒറ്റതവണത്തേതിന് ശേഷം മോനായി പിന്നെ നിയമസഭാ അങ്കണം കണ്ടിട്ടില്ല. കുന്നത്തുനാട് സംവരണ മണ്ഡലമായപ്പോൾ സീറ്റ് നഷ്ടപ്പെട്ട മോനായിക്ക് മറ്റ് മണ്ഡലങ്ങൾ നൽകാനോ പാർട്ടിതലത്തിൽ മറ്റെവിടെയെങ്കിലും സ്ഥാനം നൽകാനോ സിപിഎം തയ്യാറായില്ല. പാർട്ടി അവഗണനയിൽ മനംനൊന്ത് 2012 ന് ശേഷം മോനായി പാർട്ടി അംഗത്വം പുതുക്കിയതുമില്ല. അങ്ങനെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് പാർട്ടിക്ക് പുറത്തേയ്ക്കുള്ള വഴിയാണ് മോനായിക്ക് സിപിഎം കാണിച്ചുകൊടുത്തത്.

ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് നിയമസഭയിലെത്തിയ ഐഷാ പോറ്റി അതിവേഗം തന്നെ കൊട്ടാരക്കരയിലെ ജനകീയയായി മാറിയിരുന്നു. അടുത്ത തവണ ദൃഢപ്രതിജ്ഞ ചെയ്ത് ഐഷാ പോറ്റി പാർട്ടിയുടെ വഴിക്ക് വന്നു. പിന്നെയും രണ്ട് തവണ കൂടി മൽസരിക്കാൻ പാർട്ടി അവസരം നൽകിയെങ്കിലും 2016 ൽ സീനിയറായ എംഎൽഎയ്ക്ക് മുന്നിലെത്തിയ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചത് കന്നിനിയമസഭാ പ്രവേശനത്തിലെ ആ കയ്യബദ്ധമായിരുന്നു. ആ സർക്കാരിൽ മൂന്ന് തവണ എംഎൽഎ ആയ രണ്ട് വനിതാ അംഗങ്ങളിൽ ഒരാളായിരുന്നു ഐഷാ പോറ്റി. പക്ഷെ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത അവരോട് പൊറുക്കാൻ തയ്യാറായില്ല തെറ്റു ചെയ്തവരോട് ഇന്നോളം ക്ഷമിച്ചിട്ടില്ലാത്ത സിപിഎം.

ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചതിന്റെ പേരിൽ ഇപ്പോൾ മന്ത്രിക്കെതിരേയടക്കം നടപടിയെടുത്താൽ അത് പാർട്ടിക്കെതിരേയുള്ള പ്രചാരണത്തിന് ആയുധമാക്കുമെന്നതിനാലാണ് 'ദൈവനാമം' ഇത്തവണ കുറ്റമല്ലാതാക്കിയത്. അതേസമയം, യുക്തിബോധവും ശാസ്ത്രബോധവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങൾക്കുണ്ടാകേണ്ടതെന്ന് ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിജയരാഘവൻ പറഞ്ഞു. പാർട്ടിയിലേക്ക് വന്നപാടെ എല്ലാവർക്കും അതുണ്ടാകണമെന്നില്ല. അത് സംഘടനാവിദ്യാഭ്യാസത്തിലൂടെയാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.