തിരുവനന്തപുരം: അധികാരത്തിലായാലും മറിച്ചായാലും പാർട്ടി പ്രവർത്തനത്തിന് വേണ്ടി പണം കണ്ടെത്തുന്ന കാര്യത്തിൽ സിപിഎം ഒരു പിടി മുന്നിലാണ്. ബക്കറ്റ് പിരിവിനെ കുറിച്ച് എതിരാളികൾ പുച്ഛിക്കുമ്പോഴും കോടികൾ തന്നെ ഈമാർഗ്ഗത്തിൽ പിരിച്ചെടുത്ത ചരിത്രമുണ്ട് സിപിമ്മിന്. ഈ പണം വിനിയോഗിക്കുന്ന കാര്യത്തിലും സിപിഎമ്മിന് തെറ്റലുകളുണ്ടായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ തീർത്തും ദുർബലമാകുമ്പോഴും കേരളത്തിൽ അതിശക്തമായ പാർട്ടിയാണ് സിപിഎം. ധനത്തിന്റെ കാര്യത്തിലുും അതു തന്നെയാണ് കാര്യം.

ഇങ്ങനെയിരിക്കവേ കേരളത്തിൽ സിപിഎമ്മിന് പുതിയ ആസ്ഥാനമന്ദിരം നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. തുടർഭരണം നേടിയതിന് പിന്നാലെയാണ് പാർട്ടി പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ഒരുങ്ങുന്നത്. നിലവിൽ പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന് എതിർവശത്ത് 32 സെന്റ് സ്ഥലം വാങ്ങി. 6.4 കോടി രൂപയാണ് പ്രമാണത്തിൽ രേഖപ്പെടുത്തിയത്. രൂപരേഖ തയാറാക്കി ഉടൻ നിർമ്മാണം തുടങ്ങുമെന്നാണു വിവരം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ തിരുവനന്തപുരം സബ് രജിസ്റ്റ്രാർ ഓഫിസിൽ 2391/2021 നമ്പറിൽ കഴിഞ്ഞ മാസം 25നാണ് സ്ഥലം രജിസ്റ്റർ ചെയ്തത്. ബ്ലോക്ക് നമ്പർ 75; റീസർവേ നമ്പർ 28. മൊത്തം 34 പേരിൽനിന്നായാണ് 31.95 സെന്റ് സ്ഥലം വാങ്ങിയത്. എകെജി സെന്ററിലായിരുന്നു റജിസ്‌ട്രേഷൻ നടപടികൾ. എകെജി സെന്ററിനു മുന്നിൽനിന്ന് എംജി റോഡിലെ സ്‌പെൻസർ ജംക്ഷനിലേക്കുള്ള ഡോ. എൻ.എസ്.വാരിയർ റോഡിന്റെ വശത്താണു പുതിയ സ്ഥലം. പാർട്ടി നേതാക്കൾ താമസിക്കുന്ന ഫ്‌ളാറ്റും ഇതിനടുത്താണ്.

സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ എകെജി സെന്റർ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ലാണ് കേരള സർവകലാശാലാ വളപ്പിൽനിന്നു 34.4 സെന്റ് സ്ഥലം എകെജി സ്മാരകത്തിനായി പതിച്ചുനൽകിയത്. പിന്നീട് സർവകലാശാലയും 15 സെന്റ് നൽകി. സർവകലാശാലയുടെ സ്ഥലം കയ്യേറിയെന്ന ആരോപണം നിയമസഭയിൽ വരെ ഉയർന്നു. എന്നാൽ, എകെജി സെന്റർ പാർട്ടി ആസ്ഥാനമായി ഉപയോഗിക്കുന്നത് നിയമപ്രകാരമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.

ദേശീയ തലത്തിൽ ബിജെപിയെ പകർത്തുകയാണ് സംസ്ഥാനത്തെ സിപിഎം ചെയ്യുന്നതെന്ന വിമർശനം പലകോണിൽ നിന്നും ഉയരുന്നുണ്ട്. ഈ വിമർശനം യാദർച്ഛികമാണെങ്കിലും ദേശീയ തലത്തിൽ ആസ്ഥാന മന്ദിരം പണിത ബിജെപി മാതൃക തന്നെയാണ് ഇവിടെയും സിപിഎം അവലംബിക്കുന്നത് എന്നതും ശ്രദ്ധേമാണ്.

അടുത്തിടെ പുറത്തുവന്ന കണക്കുകൾ പ്രകാരം ദേശീയ തലത്തിലും സിപിഎമ്മിന് വലിയ ആസ്ഥിയുള്ള പാർട്ടിയാണ്. സിപിഎമ്മിന്റെ സ്വത്ത് പണമായി, 20,000 കോടിയിലേറെ വരുമെന്ന വാർത്തകളും മുമ്പുണ്ടായിട്ടുണ്ട്. ആ പാർട്ടിക്ക്, 1998 ലെ കണക്കുകൾ പ്രകാരം, പണമായുള്ള സമ്പാദ്യം 20,000 കോടിയിലേറെയാണെന്ന വാർത്ത വന്നപ്പോൾ സിപിഎം നിഷേധിച്ചില്ല. അപകീർത്തികരമായ വാർത്ത കൊടുത്തതിന് പത്രത്തിനെതിരേ നിയമനടപടി കൈക്കൊണ്ടില്ല.

ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളും വൻ ഓഫീസുകളുള്ള കോർപ്പറേറ്റ് സ്ഥാപനത്തെ വെല്ലുന്ന പാർട്ടിയാണ് സിപിഎം. തുടർഭരണം കിട്ടിയതോടെ പാർട്ടിയുടെ സ്വത്തുക്കളും ഉയരുകയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്.