മലപ്പുറം: മലപ്പുറം ജില്ലയിൽ സിപിഎം പ്രഖ്യാപിച്ച വനിത സ്ഥാനാർത്ഥികളിൽ രണ്ട് പേരും 30 വയസ്സിന് താഴെയുള്ളവരാണ്. വേങ്ങരയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം പി ജിജിയും വണ്ടൂരിൽ പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി മിഥുനയുമാണ് എൽഡിഎഫിൽ നിന്നും സിപിഐഎം സ്ഥാനാർത്ഥികൾ. മത്സരിക്കുന്ന മണ്ഡലങ്ങൾ രണ്ടും യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളാണെങ്കിലും കടുത്ത മത്സരം തന്നെ നടത്താനാണ് ഈ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ മലപ്പുറം ഇടത് നേതൃത്വം ലക്ഷ്യമിടുന്നത്.

കൊണ്ടോട്ടി എടവണ്ണപ്പാറ സ്വദേശിനിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്ന പി ജിജി.നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബോട്ടണി വിഭാഗം ഗവേഷകയാണ്. കാലിക്കറ്റ് യൂണിവേഴിസ്റ്റി യൂണിയന്റെ ചെയർപേഴ്സണായിരുന്നു. മഞ്ചേരി എൻഎസ്എസ് കോളേജിൽ പഠിക്കുമ്പോഴാണ് ജിജി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അക്കാലത്ത് തന്നെയാണ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണുമാകുന്നത്. ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജിജി എംഫിലും ബിഎഡും പൂർത്തിയാക്കിയതിന് ശേഷമാണ് ഗവേഷകയായത്.

സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവും പ്രൊബേഷൻ അഡൈ്വസറി കമ്മറ്റി അംഗവുമാണ് പി ജിജി. എടവണ്ണപ്പാറ മണ്ണടയിൽ സുകുമാരന്റെയും പ്രഭാവതിയുടെയും മകളാണ്. പെരുമ്പാവൂർ ശ്രീശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സജീത് സോമനാണ് ഭർത്താവ്. മലപ്പുറത്തെ എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്നു പഠന കാലത്ത് ജിജി. വിവിധ സമരങ്ങളിൽ പെട്ട് നിരവധി തവണ ജയിൽവാസം അനുവഭിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെ സംബന്ധിച്ച് കുഞ്ഞാലിക്കുട്ടി തീർച്ചയായും വിജയിക്കുന്ന മണ്ഡലമാണ് വേങ്ങര.

എന്നാൽ ഒരു യുവ വനിത സ്ഥാനാർത്ഥിയെ നിർത്തിയതിലൂടെ മത്സരം കടുപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.നിലവിൽ കെഎൻഎ ഖാദറാണ് വേങ്ങരയിലെ എംഎൽഎ. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ലോകസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി രാജിവെച്ച് ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കെഎൻഎ ഖാദർ വേങ്ങരയിലെ എംഎൽഎ ആയത്.

മലപ്പുറത്ത് സിപിഐഎം അവതരിപ്പിക്കുന്ന മറ്റൊരു വനിത സ്ഥാനാർത്ഥി പി മിഥുനയാണ്. കഴിഞ്ഞ ടേമിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടുമാരിൽ ഒരാളായിരുന്നു മിഥുന. മുസ്ലിം ലീഗ് അംഗമായി വിജയിച്ച് പഞ്ചായത്ത് പ്രസിഡണ്ടായ മിഥുനയെ വനിത മതിലിൽ പങ്കെടുത്തതിന്റെ പേരിൽ ലീഗിൽ നിന്ന് പുറത്താക്കുകയായിരുന്നു. 22ാം വയസ്സിലായിരുന്നു മിഥുന പള്ളിക്കൽ പഞ്ചായത്ത് പ്രസിഡണ്ടായത്. പള്ളിക്കൽ പഞ്ചായത്ത് ഒന്നാം വാർഡ് കോഴിപ്പുറത്ത് നിന്നും മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ ജയിച്ച മിഥുന പ്രസിഡണ്ട് സ്ഥാനം എസ് സി വനിത സംവരണം ആയതോടെയാണ് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡണ്ടായത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട യുഡിഎഫ് നിലപാടിൽ പ്രതിഷേധിച്ചാണ് മിഥുന വനിത മതിലിൽ പങ്കെടുത്തത്.

ഇതിന്റെ പേരിൽ മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ വാർഡ് അംഗങ്ങളിൽ എസ് സി വനിതയായി മറ്റാരും ഇല്ലാതിരുന്നതിനാൽ മിഥുന തന്നെ പ്രസിഡണ്ട് സ്ഥാനത്ത് തുടർന്നു. മലപ്പുറം ജില്ലയിൽ യുഡിഎഫ് കഴിഞ്ഞ കുറെ വർഷങ്ങളായി തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ് വണ്ടൂർ. എസ് സി സംവരണ മണ്ഡലമാണ്. നിലവിലെ എംഎൽഎ എപി അനിൽകുമാർ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി. നേരത്തെ പന്തളം സുധാകരനും ഇവിടെ നിന്നും വിജയിച്ചിരുന്നു. എന്നാൽ ഒരു തവണ പന്തളം സുധാകരനെ തോൽപിച്ച് സിപിഐഎമ്മിലെ കണ്ണൻ വണ്ടൂരിൽ വിജയിക്കുകയും ചെയ്തിരുന്നു. കണ്ണന്റെ ചരിത്രം ആവർത്തിക്കുമെന്നാണ് മിഥുനയിലൂടെ വണ്ടൂരിൽ എൽഡിഎഫ് കണക്കൂകൂട്ടുന്നത്.