തിരുവനന്തപുരം: കേന്ദ്രഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള പ്രവർത്തനം അതിന്റെ സീമകൾ ലംഘിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയാണ് ബിജെപി ഭരണം പിടിച്ചത്. അത് കേരളത്തിൽ നടക്കില്ലെന്ന് തോന്നിയപ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുകയാണ്. കേരളാ സർക്കാരിനെതിരെ, ഭരണ നേതൃത്വം നൽകുന്നവർക്കെതിരെ കള്ളതെളിവുകൾ ഉണ്ടാക്കാൻ ഈ ഏജൻസികൾ കൂട്ടമായി ശ്രമിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ ഈ തെറ്റുകൾക്കെതിരെ അണിനിരന്ന് സർക്കാരിനെ സംരക്ഷിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളെ ബഹുജന പ്രക്ഷോഭത്തിലൂടെ പ്രതിരോധിക്കുമെന്ന് സിപിഎം. സംസ്ഥാന സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ പ്രതിപക്ഷത്തെ അലോസരപ്പെടുത്തുകയാണ്. പ്രതിപക്ഷവും ബിജെപിയും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ഇതിനെതിരെ കേരളത്തിലെ എല്ലാ നല്ല മനുഷ്യരെയും അണിനിരത്തി പ്രതിപക്ഷ നിലപാട് തുറന്നുകാട്ടുമെന്ന് വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രി പ്രത്യേകം മുൻകൈ എടുത്ത് അടിസ്ഥാന സൗകര്യത്തിന് തടസം നിൽക്കുന്ന ഘടകങ്ങൾ ഇല്ലാതാക്കാൻ നിശ്ചയദാർഡ്യത്തോടെ ഇടപെട്ടാണ് വികസനപ്രവർത്തനങ്ങൾ നടത്തിയത്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കി. പല നിക്ഷിപ്ത താത്പര്യക്കാരും തടസങ്ങൾ ഉണ്ടാക്കിയിട്ടും പൂർത്തീകരിക്കാനായി. ദേശീയ പാത വികസനം പ്രവർത്തനം ആരംഭിച്ചു. 60,000 കോടിയുടെ വികസനങ്ങളാണ് കിഫ്ബി വഴി സംസ്ഥാനത്ത് നടപ്പിലാക്കിയത്. പ്രതിപക്ഷ എംപിമാർക്ക് പോലും എതിർക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ വികസനതാത്പര്യത്തിനാണ് എൽഡിഎഫ് മുൻഗണന നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ സാധിക്കുന്ന സുപ്രധാന ഘടകമാണ് മികച്ച വികസനമുന്നേറ്റമെന്നും വിജയരാഘവൻ പറഞ്ഞു.

ഇത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തിയിരിക്കുകയാണ്. കിഫ് ബി പോലെ മികവാർന്ന വികസന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തുന്ന പ്രചാരണം നടത്താൻ പ്രതിപക്ഷം സിഎജിയെ കൂട്ട് പിടിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ നമുക്ക് കാണാൻ കഴിഞ്ഞത്. ഇത് ഗൂഢാലോചനയാണ്. ജനങ്ങൾക്കെതിരായാണ് പ്രതിപക്ഷ കാഴ്ചപ്പാട്. നാട് ഇരുട്ടിലേക്ക് പോയാലും പ്രശ്നമില്ലന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ യുഡിഎഫ് ബിജെപിയും ഒരുപോലെയാണ്. അത് ജനങ്ങളെ തുറന്നുകാണിക്കും. ഈ വികസനവിരുദ്ധ നിലപാടുകൾക്കെതിരെ ബഹുജന സമരം നടത്തുമെന്ന് വിജയരാഘവൻ പറഞ്ഞു.